കൊവിഡ് പ്രതിരോധം: ദുരിതാശ്വാസ നിധിയിലേക്കുള്ള വരവ് 384.69 കോടി, ചിലവ് 506.32 കോടി

തിരുവനന്തപുരം: കൊവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പ്രത്യേക അക്കൗണ്ട് ആരംഭിച്ചിരുന്നു. മാർച്ച് 27 മുതൽ ഇന്നലെ വരെയുള്ള രണ്ടു മാസക്കാലയളവിൽ ഈ അക്കൗണ്ടിലേക്ക് 384.69 കോടി രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതേ കാലയളവിൽ ഈ പ്രവർത്തനങ്ങൾക്കായി 506.32 കോടി രൂപ ചിലവഴിച്ചു. ഭക്ഷ്യധാന്യ കിറ്റുകൾക്കായി സിവിൽ സപ്ലൈസ് വകുപ്പിന് 350 കോടി രൂപയും, പ്രവാസികളുടെ ആവശ്യങ്ങൾക്കായി നോർക്കയ്ക്ക് 8.5 കോടി രൂപയും, ധന സഹായം ലഭിക്കാത്ത കുടുംബങ്ങൾക്ക് സാന്പത്തിക സഹായം നൽകുന്നതിനായി സഹകരണ വകുപ്പിന് 147.82 കോടി രൂപയും ആണ് ദുരിതാശ്വാസ നിധിയിൽ നിന്നും ഇതുവരെ അനുവദിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകൾ കൃത്യമായി വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. അക്കൗണ്ടിൽ പണമായി മാറിയ ശേഷമാകും അത് അപ്‌ഡേറ്റ് ചെയ്യുന്നത്. donation.cmdrf.kerala.gov.in എന്നതാണ് ദുരിതാശ്വാസ നിധിയിലേക്ക് പണമടയ്ക്കാനും വിവരങ്ങൾ അറിയാനുമുള്ള വെബ്‌സൈറ്റ്.