സംസ്ഥാന പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍


തിരുവനന്തപുരം: പൊതുജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ പോലീസുകാർ നിർബന്ധമായും സർ എന്നോ, മിസ്റ്റർ, മാഡം, മിസിസ് എന്നോ നിർബന്ധമായി കൂട്ടിച്ചേർക്കണമെന്ന് വ്യക്തമായി നിർദ്ദേശിച്ചു കൊണ്ട് മൂന്ന് വർഷം മുൻപ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇറക്കിയ ഉത്തരവ് നടപ്പാക്കാത്തതിനെതിരേ കമ്മീഷൻ അദ്ധ്യക്ഷൻ പി. മോഹനദാസിന്റെ വിമർശം. ഈ ഉത്തരവ് നടപ്പിലാക്കാൻ പോലീസ് മേധാവി ബാധ്യസ്ഥനാണെന്നും നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഈ ഉത്തരവ് റദ്ദുചെയ്യാനുള്ള അനുമതി തേടി ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അല്ലാതെ കമ്മീഷൻ ഇറക്കിയ ഉത്തരവ് നടപ്പാകാതെയിരിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുജനങ്ങളും പോലീസും തമ്മിലുള്ള അകൽച്ച കുറയ്ക്കുന്നതിന്റെ ഭാഗമായി കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ് പോലീസ് നടപ്പാക്കാത്തത് തെറ്റാണ്. കേരള പോലീസ് ആക്റ്റ് 2011 ലെ അഞ്ചാം അധ്യായത്തിൽ പോലീസിന്റെ കടമകളെ കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. സാധാരണ ജനങ്ങളോട് ദേഷ്യപ്പെടാനോ, എടാ, എടീ എന്നൊക്കെ വിളിക്കാനോ പാടുള്ളതല്ല. പോലീസ് ആക്ടിന്റെ 29 ആം വകുപ്പ്, പൊലീസ് സേന മുഴുവനായി വായിച്ച് മനസ്സിലാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം ജനമൈത്രി പോലീസ് എന്ന ലക്ഷ്യം നേടാനാവില്ലെന്നും ജനങ്ങൾ പോലീസിനെ ശത്രുവായി കാണുന്ന സ്ഥിതിവിശേഷം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും നിർദ്ദേശങ്ങൾ ഔദ്യാഗികമായി പോലീസ് സേനയ്ക്ക് പോലീസ് മേധാവി നൽകിയിട്ടുണ്ടോ, അത് പൊതുജനങ്ങളെ അറിയിക്കുന്ന രീതിയിൽ പരസ്യപ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് പരാതിക്കാരൻ നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ വിമർശം. 2017 ൽ പൊതുതാൽപര്യം മുൻനിർത്തി കോഴിക്കോട് ആം ഓഫ് ജോയ് മാനേജിങ്ങ് ട്രസ്റ്റി അനൂപ് ഗംഗാധരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ വ്യക്തമായ നിർദ്ദേശങ്ങളോടെ ഉത്തരവിറക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed