സ്ഥാനാർഥികളുടെ ക്രിമിനൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി


ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾ അവരുടെ വെബ്‌സൈറ്റുകളിൽ സ്ഥാനാർഥികളുടെ ക്രിമിനൽ കേസുകളുടെ വിശദാംശങ്ങളും അവരെ മത്സരിപ്പിക്കാനുള്ള കാരണങ്ങളും ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി.

പാർട്ടികൾ അവരുടെ വെബ്‌സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും പത്രങ്ങളിലും 48 മണിക്കൂറിനുള്ളിൽ വിവരങ്ങൾ ചേർക്കണം. വിവരങ്ങൾ 72 മണിക്കൂറിനുള്ളിൽ തിരഞ്ഞെടുപ്പ് കമ്മിഷനും സമർപ്പിക്കണം. വിജയസാധ്യത മാത്രം പരിഗണിച്ചാകരുത് മറിച്ച്‌ യോഗ്യത കൂടി പരിഗണിച്ചാകണം സ്ഥാനാർഥികളെ തിരഞ്ഞെടുക്കേണ്ടതെന്നും കോടതി നിർദ്ദേശിച്ചു. രാഷ്ട്രീയ പാർട്ടികൾ വിശദാംശങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടാലോ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നടപ്പാക്കാൻ കഴിയാതെ വന്നാലോ കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന് ജഡ്ജിമാർ പറഞ്ഞു.

അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിലാണ് വിധി. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പാർട്ടി ഭാരവാഹികള്‍ ആകുന്നതില്‍ നിന്നും വിലക്കുന്നതിന് നിയമങ്ങൾ നടപ്പാക്കണമെന്ന് 2018 സെപ്റ്റംബറിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed