ബെഹ്റക്കെതിരെ സിഎജി റിപ്പോർട്ട്: പണം വകമാറ്റിയെന്നും കാറുകൾ വാങ്ങിയതിൽ ക്രമക്കേടെന്നും കണ്ടെത്തൽ


തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് എതിരെ സി.എ.ജി റിപ്പോർട്ടിൽ ഗുരുതര പരാമര്‍ശങ്ങള്‍. പോലീസ് ക്വാർട്ടേഴ്സ് നിർമ്മാണത്തിനുള്ള തുക വക മാറ്റിയെന്നും പോലീസിൽ കാറുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റവന്യു വകുപ്പിനും വിമർശനമുണ്ട്. പോലീസ് ക്വാർട്ടേഴ്സ് നിർമ്മിക്കുന്നതിനുള്ള തുകയിൽ 2.81 കോടി രൂപയാണ് വകമാറ്റിയത്. എസ്പിമാർക്കും എ.ഡി.ജി.പിമാർക്കും വില്ലകൾ നിർമ്മിക്കാനാണ് പണം വകമാറ്റിയത്. പോലീസ് േസ്റ്റഷനുകളിലേക്ക് കാറുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തെ തന്നെ കണ്ടെത്തി. മിത്ഷുബിഷി പജേറോ സ്പോർട് വാഹനത്തിന്റെ വിതരണക്കാരിൽ നിന്ന് വസ്തുതാ വിവരങ്ങളും പ്രൊഫോർമ ഇൻവോയിസും ശേഖരിച്ചു. ഇതിന് ഡി.ജി.പി മുൻകൂർ അനുമതി വാങ്ങിയില്ല. തുറന്ന ദർഘാസ് വഴി പോലും കാർ വാങ്ങാൻ ഉദ്ദേശിച്ചില്ലെന്ന് വ്യക്തമായി. തുറന്ന ദർഘാസ് നടത്താതിരിക്കാൻ കാരണമായി പറയുന്ന സുരക്ഷാ പരിഗണനകൾ സ്വീകാര്യമല്ലെന്ന് സി.എ.ജി റിപ്പോർട്ട് വ്യക്തമാക്കുന്നു. കാറിന്റെ വിതരണക്കാർക്ക് മുൻകൂറായി 33 ലക്ഷം നൽകി. 15 ശതമാനം ആഡംബര കാറുകൾ വാങ്ങി. 2017ലെ ടെക്നിക്കൽ കമ്മിറ്റി യോഗത്തിന് മുൻപ് കമ്പനികളിൽ നിന്ന് വിവരം ശേഖരിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്നും സി.എ.ജി വിമർശിച്ചു. തിരുവനന്തപുരം എസ്.എപിയിൽ ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും കുറവ് കണ്ടെത്തിയിട്ടുണ്ട്. 12061 കാർട്രിഡ്ജുകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. തൃശൂർ പോലീസ് അക്കാഡമിയിൽ 200 വെടിയുണ്ടകൾ കുറവാണ്. തൃശ്ശൂരിൽ വെടിയുണ്ട സുക്ഷിച്ചിരുന്ന പെട്ടിയിൽ കൃത്യമം കാണിച്ചതായും കണ്ടെത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും വെടിയുണ്ട കാണാതായതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്ന സർക്കാർ വിശദീകരണവും റിപ്പോർട്ടിലുണ്ട്. വെടിക്കോപ്പുകൾ നഷ്ട്പ്പെട്ടത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്ന് സി.എ.ജി പറയുന്നു.

ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ കേസുകൾ കെട്ടിക്കിടക്കുന്നുവെന്ന വിമർശനവും സി.എ.ജി റിപ്പോർട്ടിലുണ്ട്. 2013 മുതൽ 2018 വരെയുള്ള 9285 കേസുകളിൽ തീർപ്പായില്ല. പോക്സോ കേസുകളും ഇതിൽ ഉൾപ്പെടും. മിച്ച ഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസം വരുത്തിയെന്നാണ് റവന്യു വകുപ്പിനെതിരായ വിമർശനം. അഞ്ച് ജില്ലകളിൽ 1588 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസം വന്നുവെന്നാണ് കണ്ടെത്തൽ. സി.എ.ജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed