പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം സഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം സഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ മൂല്യങ്ങളോട് കൂറുപുലർത്തുന്നതിനാലാണ് പ്രമേയമെന്ന് പറഞ്ഞ മുഖ്യമന്ത്രി പൗരത്വം രാഷ്ട്ര സ്വഭാവത്തെയും അതിന്റെ ഘടനയെയും നിർണയിക്കുന്നുവെന്നും ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മതനിരപേക്ഷത തകർക്കുന്ന പൗരത്വ നിയമം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. നിയമം മൗലികാവകാശമായ സമത്വത്തിന്റെ ലംഘനമാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വനിർണയം മതനിരപേക്ഷതയ്ക്കെതിരാണ്. പൗരത്വ നിയമം ഭരണഘടനയുടെ അടിസ്ഥാനഘടനയുമായി പൊരുത്തപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ തടങ്കല്‍ പാളയങ്ങളുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു.
പട്ടികജാതി–പട്ടിക വർഗ സംവരണം സംബന്ധിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്ഠേന പാസാക്കി. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം ബിജെപി എംഎൽഎ ഒ. രാജഗോപാൽ സഭയിൽ എതിര്‍ത്തു. പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് ഒ. രാജഗോപാൽ പറഞ്ഞു. രണ്ടുമണിക്കൂർ ചർച്ചയ്ക്കു ശേഷം പ്രമേയം പാസാക്കി കേന്ദ്രത്തിന് അയയ്ക്കും. ഈ വിഷയം ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെയും ആവശ്യം. പ്രമേയം സംബന്ധിച്ച് ഭരണ–പ്രതിപക്ഷ കക്ഷികൾക്ക് ഒരേ അഭിപ്രായമായതിനാൽ നിയമസഭ പ്രമേയം പാസാക്കും. പ്രമേയം പാസാക്കിയാൽ രാഷ്ട്രപതിയെ സമീപിക്കുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed