ദക്ഷിണേന്ത്യയിൽ കൈക്കൂലി വാങ്ങുന്നത് ഏറ്റവും കുറവ് കേരളത്തിൽ
തിരുവനന്തപുരം: ഇന്ത്യയിലെ അഴിമതിയും കൈക്കൂലിയും സംബന്ധിച്ച ഗവണ്‍മെന്‍റ് ഇതര സംഘടന ട്രാൻസ്പിരൻസി ഇന്‍റർനാഷണലിന്‍റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ഒരു വർഷമായി ലോക്കൽ സർക്കിൾ എന്ന സ്ഥാപനുമായി ചേർന്ന് രാജ്യത്തെ 20 സംസ്ഥാനങ്ങളിൽ ഏതാണ്ട് 20 ലക്ഷം പേരിൽ നടത്തിയ സർവേ പ്രകാരമാണ് ടി.ഐ ഈ റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം സർവേയിൽ പങ്കെടുത്ത സംസ്ഥാനങ്ങളിൽ ഏറ്റവും കൂടിയ അഴിമതി നടക്കുന്നത് രാജസ്ഥാനിലാണ്. ഇവിടെ നിന്നും സർവേയിൽ പങ്കെടുത്തവരിൽ 78 ശതമാനം കൈക്കൂലി കൊടുത്തതായി സമ്മതിക്കുന്നു. രണ്ടാമത് ബീഹാറാണ് ഇവിടെ 75 ശതമാനമാണ് കണക്ക്.
അതേ സമയം ദക്ഷിണേന്ത്യയിൽ വന്നാൽ തെലങ്കാനയാണ് ഏറ്റവും കൈക്കൂലിയും അഴിമതിയും നിറഞ്ഞ സംസ്ഥാനം എന്നാണ് ടി.ഐ റിപ്പോർട്ട് പറയുന്നത്. ഇവിടെ 67 ശതമാനവും കൈമടക്ക് ഇല്ലാതെ കാര്യങ്ങൾ നടക്കില്ലെന്ന് പറയുന്നു. ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങുന്നവർ റവന്യൂവകുപ്പാണ് എന്നാണ് പറയുന്നത്. 40 ശതമാനവും ഇത് സമ്മതിക്കുന്നു. പൊലീസ് താരതമ്യേന കൈക്കൂലി വാങ്ങുന്നവർ കുറവാണ് എന്നാണ് റിപ്പോർട്ട് പറയുന്നത്. പൊലീസുകാർക്കിടയിൽ കൈക്കൂലി നൽകേണ്ടി വന്നത് 7 ശതമാനത്തിന് മാത്രമാണ്.
കർണ്ണാടക− 63 ശതമാനം, തമിഴ്നാട് −62 ശതമാനം, ആന്ധ്രപ്രദേശ് −50, കേരളം −10 ശതമാനം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്ക്. കേരളത്തിൽ കൈക്കൂലി നൽകിയാലെ കാര്യം നടക്കൂ എന്ന് പറയുന്നത് വെറും 10 ശതമാനമാണ്. എന്നാൽ വസ്തു റജിസ്ട്രേഷന് വേണ്ടിയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കൈക്കൂലി നൽകുന്നത് എന്ന് കൈക്കൂലിയുണ്ടെന്ന് പറയുന്ന 10 ശതമാനത്തിൽ ഭൂരിഭാഗം പറയുന്നു.

