മജിസ്‌ട്രേറ്റിനെ ഭീഷണിപ്പെടുത്തിയ 12 അഭിഭാഷകര്‍ക്കെതിരേ കേസ് ; ഹൈക്കോടതിയും സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ടുള്‍പ്പെടെ 12 അഭിഭാഷകര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. നിയമവിരുദ്ധമായി സംഘംചേരല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, മോശം പദപ്രയോഗം തുടങ്ങിയവയ്ക്കുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ.പി. ജയചന്ദ്രന്‍, സെക്രട്ടറി പാച്ചല്ലൂര്‍ ജയകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരാണു പ്രതികള്‍. തന്നെ തടഞ്ഞുവച്ചു കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ അഭിഭാഷകര്‍ ശ്രമിച്ചെന്നു കാട്ടി മജിസ്‌ട്രേറ്റ് ദീപ മോഹന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനു പരാതി നല്‍കിയിരുന്നു. ഈ പരാതി സി.ജെ.എം. പോലീസിനു െകെമാറുകയായിരുന്നു."സ്ത്രീയായിപ്പോയി അല്ലെങ്കില്‍ ചേംബറില്‍നിന്നു വലിച്ച് പുറത്തിട്ട് തല്ലിച്ചതച്ചേനേ’’ എന്നു പറഞ്ഞു പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും ചേംബറില്‍ പൂട്ടിയിടാന്‍ ശ്രമിച്ചെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് വഞ്ചിയൂര്‍ കോടതിയില്‍ നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. പ്രതിഭാഗം അഭിഭാഷകന്‍ എസ്. ചന്ദ്രശേഖരനെ വാദിക്കാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് ബാര്‍ അസോസിേയഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ കയറി അഭിഭാഷകര്‍ പ്രതിഷേധിച്ചു. തുടര്‍ന്നു മജിസ്‌ട്രേറ്റ് ചേംബര്‍ വിട്ടിറങ്ങി സി.ജെ.എമ്മിനെ കണ്ടു പരാതി നല്‍കുകയായിരുന്നു. സി.ജെ.എം കോടതി അഭിഭാഷകരുമായി ചര്‍ച്ച നടത്തിയശേഷം പ്രതിക്കു ജാമ്യം അനുവദിച്ചു.
എന്നാല്‍, ഇന്നലെ അഭിഭാഷകര്‍ മജിസ്‌ട്രേറ്റ് കോടതി ബഹിഷ്‌കരിച്ചു. ബഹിഷ്‌കരണം തുടരുമെന്നും മജിസ്‌ട്രേറ്റിനോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ.പി ജയചന്ദ്രന്‍ അറിയിച്ചു. മജിസ്‌ട്രേറ്റ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ഒരു അഭിഭാഷക വഞ്ചിയൂര്‍ പോലീസിനു പരാതി നല്‍കിയിട്ടുണ്ട്. വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞെന്ന പരാതിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രി കേസെടുത്തത്. ചീഫ് ജസ്റ്റിസിനു കൈമാറിയ കേസ് കോടതി നാളെ പരിഗണിക്കും.

