സംസ്ഥാന വോളിബോള്‍ താരം ജെ.എസ് ശ്രീറാം അപകടത്തില്‍ മരിച്ചു
കൊല്ലം: സംസ്ഥാന വോളിബോൾ താരം ജെ.എസ് ശ്രീറാം (23) ബൈക്ക് അപകടത്തിൽ മരിച്ചു. ചടയമംഗലം ജടായു ജംഗ്ഷനിൽ ശ്രീറാം സഞ്ചരിച്ച ബൈക്കും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെഞ്ഞാറമ്മൂട് നടന്ന വോളിബോൾ മത്സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആയിരുന്നു അപകടം. ദേശീയ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി കളിച്ചിട്ടുണ്ട്. നിലമേൽ എൻ.എസ്.എസ് കോളേജ് മൂന്നാം വർഷ ചരിത്ര വിദ്യാർഥിയായിരുന്നു. വെട്ടിക്കവല ഗുരുപുഷ്പം ജയറാമിന്റേയും ശ്രീലേഖയുടേയും മകനാണ്. സഹോദരൻ: ശിവറാം.
എവർ സിൻസ് ദ ഡേ യു കെയിം ഇൻ മൈ ലൈഫ് ഐ നോ ദാറ്റ് യു ആർ ദ വൺ ഐ വിൽ ട്രൂലി ലവ് ടിൽ ദ എൻഡ്...' സാഹസികതയുടെ ചുവപ്പ് പടർന്ന് സ്റ്റിക്കർ തിളങ്ങുന്ന തന്റെ ബൈക്കിൽ നമിക്കുന്ന ചിത്രത്തോടെ കഴിഞ്ഞ ഒക്ടോബർ രണ്ടിന് ശ്രീറാം എഴുതിയത് ഇങ്ങനെ ആയിരുന്നു. സംസ്ഥാന വോളിബോൾ താരം ജെ.എസ്.ശ്രീറാം അന്ന് ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകൾ അറം പറ്റി.
ഒരു വർഷം മുമ്പ് ബൈക്ക് സ്വന്തമാക്കിയത്. ഒരാഴ്ച മുമ്പാണ് ബൈക്കിൽ ധനുഷ്കോടിയിൽ പോയി മടങ്ങിയെത്തിയത്. പ്രളയകാലത്ത് 2-കെ 19 ബൈക്ക് റൈഡേഴ്സ് നടത്തിയ ഫ്രീഡം റൈഡിലും രാമൻ പങ്കാളിയായിരുന്നു.

