യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞു
കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇരുവർക്കുമൊപ്പമുണ്ടായിരുന്ന മലപ്പുറം സ്വദേശിയായ ഇയാൾ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
നിരവധി കേസുകളിലെ പ്രതിയാണ് ഈ മൂന്നാമനെന്നും പോലീസ് വ്യക്തമാക്കി. അതേ സമയം ഇയാളുടെ പേര് വെളിപ്പെടുത്താൻ പോലീസ് തയ്യാറായിട്ടില്ല. അലന്റേയും താഹയുടേയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. ഈ സന്ദർഭത്തിൽ പോലീസ് മൂന്നാമന്റെ വിവരങ്ങൾ നൽകിയേക്കുമെന്നാണ് സൂചന.
മാവോയിസ്റ്റ് ബന്ധമുള്ള കേസുകളിലെ പ്രതിയാണ് മൂന്നാമൻ. ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് പോലീസിന് ലഭിച്ചിരുന്നു. ഈ ബാഗിൽ നിന്നാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമാകുന്ന പോസ്റ്ററുകളും മറ്റും ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇയാളെ പോലീസ് തിരിച്ചറിഞ്ഞത്.

