ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടിയ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു ; വാളയാര്‍ കേസ് ഉന്നയിച്ച് പ്രതിപക്ഷം


തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടിയ എല്‍ഡിഎഫ്, യുഡിഎഫ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് ചേര്‍ന്ന നിയമസഭാ സമ്മേളനത്തിലെ ആദ്യ പരിപാടിയായി നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ എല്‍ഡിഎഫിന്റെ രണ്ടു എംഎല്‍എമാര്‍ സഗൗരവവും മറ്റു മൂന്ന് പേര്‍ ദൈവനാമത്തിലുമായിരുന്നു സത്യപ്രതിജ്ഞ. അക്ഷരമാല ക്രമത്തില്‍ ഇടതുപക്ഷത്തിന്റെ എംഎല്‍എ കെ യു ജനീഷ്‌കുമാറായിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ ദിവസം തന്നെ വാളയാര്‍ കേസ് സജീവ ചര്‍ച്ചയായി സഭയില്‍ പ്രതിപക്ഷം ഉന്നയിക്കുകയും ചെയ്തു.
കോന്നിയില്‍ യുഡിഎഫ് കോട്ട പിടിച്ചടക്കിയ ജനീഷ്‌കുമാര്‍ സഗൗരവമാണ് പ്രതിജ്ഞയെടുത്തത്. പിന്നാലെ മഞ്ചേശ്വരത്ത് നിന്നും വന്‍ വിജയം നേടിയ മുസ്‌ളീംലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കൂടിയായിരുന്ന എംസി കമറുദ്ദീന്‍ എത്തി. കന്നഡ ഭാഷയില്‍ അള്ളാഹുവിന്റെ നാമത്തിലായിരുന്നു കമറുദ്ദീന്റെ സത്യപ്രതിജ്ഞ. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനോട് കഷ്ടിച്ച് രക്ഷപ്പെട്ട സ്ഥാനത്ത് ഇത്തവണ വലിയ വിജയം നേടിയാണ് കമറുദ്ദീന്‍ നിയമസഭയില്‍ എത്തിയത്.
കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന ഇടതുപക്ഷത്തെ വന്‍ വിജയം നേടി തിരിച്ചുവരവിന് കളമൊരുക്കിയ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയത് വലിയ കയ്യടിയുടെ അകമ്പടിയിലായിരുന്നു. സഗൗരവമായിരുന്നു വി കെ പ്രശാന്തും പ്രതിജ്ഞയെടുത്തത്. നിയമസഭയിലെ യുഡിഎഫിന്റെ ഏക വനിതാംഗമായ ഷാനിമോള്‍ ഉസ്മാനും ടി ജി വിനോദും ദൈവനാമത്തിലാണ് പ്രതിജ്ഞയെടുത്തത്. അരൂരില്‍ നിന്നും ജയിച്ചു കയറിയ ഷാനിമോള്‍ ഉസ്മാന്‍ അള്ളാഹുവിന്റെ നാമത്തില്‍ പ്രതിജ്ഞയെടുത്തപ്പോള്‍ എറണാകുളം കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കൂടിയായ ടി ജി വിനോദ് അവസാനം സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് പ്രതിജ്ഞയെടുത്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed