പെരിഞ്ഞനം ആറാട്ടുകടവിൽ കാണാതായ രണ്ടു കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു


കൊടുങ്ങല്ലൂർ: പെരിഞ്ഞനം ആറാട്ടുകടവിൽ കാണാതായ ബന്ധുക്കളായ രണ്ടു കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. കാട്ടൂർ സ്വദേശികളായ കുരുതുകുളം പീറ്ററിന്‍റെ മകൻ ആൻസൺ (14), കുരുതുകുളം ജോഷിയുടെ മകൻ ഡെൽവിൻ (13) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയാണ് ആറു കുട്ടികളും നാലു മുതിർന്നവരും ചേർന്നു സൈക്കിളിൽ ആറാട്ടുകടവ് ബീച്ചിലെത്തിയത്. ഫുട്ബോൾ കളിക്കുന്നതിനിടെ കടലിലേക്കു വീണ പന്ത് എടുക്കാൻ പോയ മൂന്നു വിദ്യാർത്ഥികളാണ് തിരയിൽപ്പെട്ടത്. ഒരാളെ മറ്റുള്ളവർ ചേർന്നു രക്ഷപ്പെടുത്തിയെങ്കിലും രണ്ടുപേരെ കാണാതാവുകയായിരുന്നു. രക്ഷപ്പെട്ട കാട്ടൂർ സ്വദേശി ചിറ്റിലപ്പിള്ളി ഡേവീസിന്‍റെ മകൻ ഡെൽവിനെ കൊടുങ്ങല്ലൂർ മോഡേണ്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാട്ടൂർ മണ്ണൂക്കാട് ഫാത്തിമമാതാ പള്ളിയിലെ അൾത്താരസംഘത്തിലെ കുട്ടികളും സെമിനാരി വിദ്യാർത്ഥികളുമാണ് കടപ്പുറത്തെത്തിയത്. കയ്പമംഗലം പോലീസും അഴീക്കോട് തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്നു തെരച്ചിൽ നടത്തിയെങ്കിലും വിദ്യാർത്ഥികളെ കണ്ടെത്താനായിരുന്നില്ല. ഡെൽവിന്‍റെ മൃതദേഹം കഴിന്പ്രം ബീച്ചിലും ആൻസന്‍റെ മൃതദേഹം മുരിയാന്തോട് ബീച്ചിലുമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്. ആൻസൻ ഇരിങ്ങാലക്കുട നാഷണൽ സ്കൂളിൽ ഒന്പതാം ക്ലാസിലും ഡെൽവിൻ കരാഞ്ചിറ സെന്‍റ് സേവ്യേഴ്സ് സ്കൂളിൽ എട്ടാം ക്ലാസിലും വിദ്യാർത്ഥികളാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed