മരട് ഫ്ലാറ്റ് സന്ദ‌ർശിക്കാനെത്തിയ ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധം: മുഖ്യമന്ത്രിക്ക് കത്ത്


കൊച്ചി: മരട് ഫ്ലാറ്റ് സന്ദ‌ർശിക്കാനെത്തിയ ചീഫ് സെക്രട്ടറിക്കെതിരെ ഫ്ലാറ്റുടമകളുടെ പ്രതിഷേധം. ഹോളി ഫെയ്ത് അപ്പാർട്മെന്‍റുകളുടെ മുന്നിൽ വച്ചാണ് ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധം ഉണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘമാണ് ചീഫ് സെക്രട്ടറിയെ ഉപരോധിക്കാനെത്തിയത്. ഫ്ലാറ്റുടമകൾ ചീഫ് സെക്രട്ടറിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും തിരിച്ചു പോകാൻ ആവശ്യപ്പെടുകയും ചെയ്തു. 
വിഷയത്തിൽ സുപ്രീം കോടതിയെ സർക്കാരും നഗരസഭയും കൃത്യമായി  കാര്യങ്ങൾ ധരിപ്പിച്ചില്ലെന്നാണ് ഫ്ലാറ്റുടമകൾ ആരോപിക്കുന്നത്. അപാ‌ർട്മെന്റുകളിൽ താമസക്കാരുണ്ടെന്ന് ആരും സുപ്രീം കോടതിയെ ധരിപ്പിച്ചെല്ലുന്നും ഫ്ലാറ്റുടമകൾ ആരോപിക്കുന്നു. ഫ്ലാറ്റ് പൊളിക്കുന്നത് ഏത് വിധേനയും പ്രതിരോധിക്കുമെന്ന് നിലപാടിലാണ് ഇവ‌ർ. സ‌ർക്കാരും നഗരസഭയും ഇപ്പോഴും യാതൊരു വിധ സഹായവും നൽകുന്നില്ലെന്നും ഫ്ലാറ്റുടമകൾ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫ്ലാറ്റുടമകൾ മുഖ്യമന്ത്രിക്ക് കത്തും നൽകി. സുപ്രീം കോടതിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞുവെന്നും സർക്കാർ നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. ഫ്ലാറ്റ് ഉടമകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനും നീതി ഉറപ്പാക്കാനും സർക്കാരിന് ഉത്തരവാദിത്തമല്ലേയെന്ന് മരട് ഭവന സംരക്ഷണ സമിതി കത്തിൽ ചോദിക്കുന്നു.

You might also like

Most Viewed