ആസിഡ് ആക്രമണം: കൃത്യം ചെയ്യാൻ പ്രതി കുവൈത്തിൽ നിന്നെത്തി
കോഴിക്കോട്: കാരശ്ശേരിയില്‍ യുവതിക്കുനേരെയുള്ള ആസിഡ് ആക്രമണത്തിലെ പ്രതി സുഭാഷ് വിദേശത്തേക്കു കടന്നതായി സൂചന. കൃത്യം നടത്താനായി മാത്രം സുഭാഷ് വിദേശത്തു നിന്നു എത്തിയതാണെന്നാണ് പോലിസിനു ലഭിച്ച വിവരം. പ്രതി നാട്ടിലെത്തിയ വിവരം പ്രതിയുടെ ബന്ധുക്കള്‍ അറിഞ്ഞിരുന്നില്ല.
ആദ്യ ഭര്‍ത്താവായ സുഭാഷാണ് ആക്രമണത്തിനു പിന്നിലെന്നു യുവതി പോലിസിനു മൊഴി നൽകിയിരുന്നു. ഇന്നലെ വൈകുന്നേരം നെല്ലിക്കാപറമ്പിലെ സ്വകാര്യ ക്ലിനിക്കിലെ ജോലി കഴിഞ്ഞു മടങ്ങിവരും വഴിയാണു യുവതിക്കുനേരെ ആസിഡ് ആക്രമണം ഉണ്ടായത്. കത്തികൊണ്ട് കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു. പരിക്കേറ്റ യുവതി തൊട്ടടുത്ത വീട്ടിലേക്ക് ഓടി കയറുകയായിരുന്നു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതര പരിക്കുകളോടെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. യുവതി അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

