ഇനിയും വരുമെന്ന് വീട്ടുകാർക്ക് കത്തെഴുതി വെച്ച് മുങ്ങിയ കള്ളൻ പിടിയിൽ
കൊല്ലം: ആളൊഴിഞ്ഞ വീട്ടിൽ താമസിച്ച് സിനിമാ ൈസ്റ്റലിൽ വീട്ടുകാർക്ക് കത്തെഴുതിവെച്ച് രക്ഷപ്പെട്ട മോഷ്ടാവ് മൊട്ട ജോസ്‍ പോലീസ് വലയിലായി. നാട്ടുകാരുടേയും പോലീസുകാരുടേയും തലവേദനയായി മാറിയ കുപ്രസിദ്ധ മോഷ്ടാവാണ് പോലീസിന്‍റെ പിടിയിലായത്. മോഷണവും കഴിഞ്ഞ് വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കല്ലുംകുന്നത്ത് ഭാഗത്ത് നിന്ന് ജോസിനെ നാട്ടുകാരായ ചില യുവാക്കൾ ചേർന്ന് പിടികൂടിയത്.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ യുവാക്കൾ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മോഷ്ടാവിനെ പിടിക്കാൻ നാട്ടുകാർ സ്ക്വാർഡ് രൂപീകരിച്ച് കാത്തിരിക്കുകയായിരുന്നു. പിടിയിലായ സമയത്ത് ഇയാളുടെ കൈയ്യിൽ നിന്നും ആഭരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇതും മോഷ്ടിച്ചതാണെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസമാണ് പരവൂരിലെ ദയാബ്ദ്ജി ജംഗ്ഷനിലെ അനിതാ ഭവനിൽ നിന്നും 50 പവനും അരലക്ഷം രൂപയും മൊട്ട ജോസ് മോഷ്ടിച്ചത്. കള്ളനെ തേടി പോലീസ് പരക്കം പാഞ്ഞെങ്കിലും അയാളുടെ പൊടി പോലും ലഭിച്ചില്ല. മോഷണ രീതികളിൽ നിന്നും കള്ളൻ മൊട്ട ജോസാണെന്ന് മനസ്സിലാക്കി പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തുവിട്ടു. എന്നാൽ മോഷണം നടന്ന വീട്ടിൽ നിന്നും വെറും രണ്ടു കിലോമീറ്റർ മാത്രം മാറി മറ്റൊരു വീട്ടിൽ താമസിക്കുകയായിരുന്നു ആ സമയത്ത് കള്ളൻ. അന്ന് ആളൊഴിഞ്ഞ വീട്ടിൽ സുഖമായി താമസിച്ച് വീട്ടുകാർക്ക് കത്തും എഴുതിവെച്ചാണ് പോലീസെത്തുന്നതിന് തൊട്ടുമുന്പ് കള്ളൻ രക്ഷപ്പെട്ടത്.
“നിങ്ങൾ അടുത്ത പ്രാവശ്യം പോകുന്പോൾ എനിക്ക് ഇവിടെ പൈസയും സ്വർണവും വച്ചേക്കണം. ഇല്ലെങ്കിൽ ഞാൻ ഇനിയും ഇവിടെ കയറും. നിങ്ങൾ വീടു പൂട്ടി പോ, ഗേറ്റ് പൂട്ടി പോ എന്ന് കള്ളൻ.” എന്നായിരുന്നു കുറിപ്പിൽ. കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുക കൂടി ചെയ്തതോടെ ഇയാളെ പിടിക്കാൻ പരക്കം പായുകയായിരുന്നു പോലീസ്. അതിനിടെയാണ് യുവാക്കളുടെ കൈയ്യിൽ ഇയാൾ അകപ്പെട്ടത്.

