സന്പത്തിന്‍റെ നിയമനം ജനങ്ങളോടുള്ള വെല്ലുവിളി; ചെന്നിത്തല
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയ മുൻ എം.പിയെ കാബിനറ്റ് പദവിയോടെ സർക്കാർ നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നിയമനം നടക്കുന്നത്. പ്രളയസെസ് നിലവിൽ വന്ന ദിവസം തന്നെയാണ് അധിക ചിലവ് വരുന്ന സർക്കാരിന്‍റെ നിയമനമെന്നതാണ് ശ്രദ്ധേയമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വികസന കാര്യങ്ങളിൽ കേന്ദ്ര−സംസ്ഥാന ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ആറ്റിങ്ങൽ മുൻ എം.പി സന്പത്തിനെ കേരള സർക്കാരിന്‍റെ പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ചത്. ഡൽഹിയിലെ കേരള ഹൗസിൽ ലെയ്സൺ ഓഫീസറായിട്ടാണ് നിയമനം.
കേരള ഹൗസിൽ സന്പത്തിന് പ്രത്യേക ഓഫീസും വാഹനവും ലഭ്യമാക്കും. ഇതോടൊപ്പം സന്പത്തിന്‍റെ ഓഫീസിൽ രണ്ട് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റുമാരുടെ തസ്തികകളും സൃഷ്ടിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2009 മുതൽ 2019 ആറ്റിങ്ങൽ മണ്ഡലത്തിലെ എം.പിയായിരുന്നു സന്പത്ത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു.

