ഉപതിരഞ്ഞെടുപ്പിൽ അരൂരിൽ മത്സരിക്കാനില്ലെന്ന് തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: നിർബ്ബന്ധം പിടിച്ച് നേടിയെടുത്ത അരൂർ സീറ്റിൽ മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് തുഷാർ വെള്ളാപ്പള്ളി.അതേസമയം മറ്റ് അഞ്ചിടങ്ങളിലും ബി.ജെ.പി സ്ഥാനാർത്ഥി മത്സരിക്കുമെന്നിരിക്കെ അരൂരിൽ മത്സരിക്കാനില്ലെന്ന തുഷാറിന്റെ തീരുമാനം ബി.ജെ.പിയെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. മറ്റേതെങ്കിലും സീറ്റ് ബി.ഡി.ജെ.എസ്സിന് നൽകണമോ എന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
പൊതുവേ തങ്ങൾക്ക് വലിയ സ്വാധീനമില്ലാത്ത അരൂരിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയിലൂടെ സാമൂദായികമായ വോട്ടുകളിലാണ് ബി.ജെ.പിയുടെ കണ്ണ്. ഇക്കാര്യം ഫലപ്രദമാകണമെങ്കിൽ തുഷാറിനെ പോലെ ഒരാൾ മത്സരിക്കേണ്ടതുണ്ട് എന്നും കണക്കുകൂട്ടുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ബി.ഡി.ജെ.എ.സ്സിന് കിട്ടിയത് 27,000 വോട്ടുകളാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അരൂർ മണ്ധലത്തിൽ കിട്ടിയത് 25,000 വോട്ടുകളും. ഈ സാഹചര്യത്തിൽ മറ്റൊരാൾ എൻ.ഡി.എ സ്ഥാനാർത്ഥിയാകുന്നത് ഗുണകരമാകില്ല എന്നാണ് ബി.ജെ.പി വിലയിരുത്തൽ.
തുഷാർ മത്സരിക്കുന്നതിലൂടെ ബി.ജെ.പി വിരുദ്ധ നിലപാട് എടുത്തിരിക്കുന്ന എസ്.എൻ.ഡി.പി യോഗം സെക്രട്ടറി വെള്ളാപ്പള്ളിയെ വരുതിയിലാക്കാമെന്നും കരുതുന്നു. എന്നാൽ അരൂരിൽ മത്സരിക്കുന്നതിനോട് തുഷാറിന് തീരെ താൽപ്പര്യമില്ലെന്നാണ് സൂചനകൾ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് ഏറ്റവും വോട്ടുകൾ കുറച്ചു കിട്ടിയ മണ്ധലങ്ങളിൽ ഒന്നായിരുന്നു അരൂരെന്നതാണ് തുഷാറിന്റെ വിമുഖതയ്ക്ക് കാരണം. നേരത്തേ വയനാട്ടിൽ രാഹുലിനെതിരേ മത്സരിച്ച് മൂന്നാമത് എത്തിയ തുഷാറിന് നേടാനായത് വെറും ഏഴ് ശതമാനം വോട്ടുകൾ മാത്രമായിരുന്നു.

