തെക്കൻ ജില്ലകളിൽ മഴ കനക്കുന്നു
തിരുവനന്തപുരം: കേരളത്തിന്റെ തെക്കൻ ജില്ലകളിൽ മഴ കനത്തു. കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വാഗമൺ തീക്കോയി റോഡിൽ മണ്ണിടിഞ്ഞു. ഇവിടെ മണ്ണുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഇടുക്കിയിലും പലയിടത്തും മണ്ണിടിഞ്ഞു. പാംബ്ല അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി. മലങ്കര അണക്കെട്ടിന്റെ ഷട്ടർ വൈകിട്ട് ഉയർത്തും. പന്പയിൽ ജലനിരപ്പുയർന്ന് മണൽപ്പുറത്തെ കടകളിൽ വെള്ളം കയറി. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ഇടുക്കിയിൽ നാളെയും അലർട്ട് തുടരും. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് തീവ്ര മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവർ എന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ അതാതു വില്ലേജുകളിൽ ക്യാംപുകൾ തുടങ്ങാൻ വേണ്ട ക്രമീകരണങ്ങൾ നടത്തേണ്ടതാണെന്നു ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീടുകൾ തകരുകയും പുനർനിർമാണം പൂർത്തിയാകാത്തതുമായ വീടുകളിലുള്ളവർക്ക് ആവശ്യമെങ്കിൽ അതാത് വില്ലേജിൽ ക്യാംപുകൾ തുറന്ന് താമസിക്കുവാനുള്ള സൗകര്യം ചെയ്ത് കൊടുക്കേണ്ടതാണെന്നും താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നെന്ന് ഉറപ്പു വരുത്തേണ്ടതാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

