തിരുവനന്തപുരം വിമാനത്താവളം വിട്ടു കൊടുക്കില്ല: നിലപാടിൽ ഉറച്ച് സർക്കാർ
തിരുവനന്തപുരം: അദാനിക്ക് നൽകാതെ, തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കുമെന്ന നിലപാടിൽ ഉറച്ച് സംസ്ഥാന സർക്കാർ. പ്രത്യേകോദ്ദേശ്യ കന്പനിയായി 'ടിയാൽ' രജിസ്റ്റർ ചെയ്യാൻ കെ.എസ്.ഐ.ഡി.സിക്ക് സർക്കാർ നിർദ്ദേശം നൽകി. കൺസൾട്ടന്‍റായ കെ.പി.എം.ജിയുമായി സർക്കാർ നാളെ ഉന്നതതല ചർച്ച നടത്തും.
വിമാനത്താവളം പാട്ടത്തിനെടുക്കാനുള്ള ലേലത്തിൽ സർക്കാരും കെ.എസ്.ഐ.ഡി.സിയും ചേർന്നുള്ള കൺസോർഷ്യമാണ് പങ്കെടുത്തത്. ലേലത്തിൽ അദാനി ഗ്രൂപ്പാണ് മുന്നിലെത്തിയത്. കെ.എസ്.ഐ.ഡി.സി രണ്ടാമതായി. എങ്കിലും സംസ്ഥാനസർക്കാരിന്‍റെ നിരന്തരസമ്മർദ്ദത്തെ തുടർന്ന് കേന്ദ്രത്തിന് അദാനിയുമായി പാട്ടക്കരാർ ഒപ്പിടാനായിട്ടില്ല.
വിമാനത്താവള നടത്തിപ്പിനായി പ്രത്യേക ഉദ്ദേശ്യ കന്പനിയായി 'ടിയാൽ' രൂപീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും കന്പനിയായി രജിസ്റ്റർ ചെയ്തിരുന്നില്ല. കന്പനിയിലെ ഓഹരി ഘടന, റവന്യൂസാധ്യത, മറ്റ് സാന്പത്തികവശങ്ങൾ എന്നിവ സംബന്ധിച്ച് കണ്‍സൾട്ടന്‍റായ കെ.പി.എം.ജിയുമായി തിങ്കഴാഴ്ച ചർച്ച നടത്തും.
ടിയാൽ കന്പനി രൂപീകരിച്ചതിന്‍റെ രേഖകൾ വൈകാതെ കേന്ദ്രത്തിന് സമർപ്പിക്കും. എന്നാൽ സംസ്ഥാന സർക്കാരിന് ടിയാലിൽ ഭൂരിപക്ഷം ഓഹരിയുണ്ടാകുമെന്ന് ഉറപ്പില്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നുമാണ് വിമാനത്താവളത്തിലെ ജീവനക്കാർ പറയുന്നു.
വിമാനത്താവള നടത്തിപ്പിനുള്ള ലേല നടപടികളുടെ കാലാവധി ഈ മാസം 31−നാണ് അവസാനിക്കുന്നത്. ആവശ്യമെങ്കിൽ മൂന്ന് മാസം കൂടി നീട്ടാൻ സാധിക്കും. ഈ സാഹചര്യത്തിലാണ് വിമാനത്താവളം ഏറ്റെടുക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ഊർജ്ജിതമാക്കുന്നത്.

