കാരുണ്യ സഹായ പദ്ധതി തുടരില്ല; തോമസ് ഐസക്
തിരുവനന്തപുരം: കാരുണ്യ ചികിത്സാസഹായ പദ്ധതി തുടരില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ആരോഗ്യ സുരക്ഷാ പദ്ധതിയും കാരുണ്യ ചികിത്സാസഹായ പദ്ധതിയും ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്നും മൂന്നു മാസം രണ്ടു പദ്ധതികളും ഒന്നിച്ച് നടത്തിയിട്ടും പ്രയോജനമൊന്നുമുണ്ടായില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്‍റെയും സംസ്ഥാന സർക്കാരിന്‍റെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികൾ ചേർത്ത് ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ ഇൻഷ്വറൻസ് പദ്ധതി ഏപ്രിൽ മുതൽ നടപ്പിലാക്കിയിരുന്നു. ഇതേത്തുടർന്ന് കാരുണ്യ ചികിത്സ പദ്ധതി ജൂൺ 30−ന് അവസാനിപ്പിച്ചു. ഇതുമൂലം കാരുണ്യ പദ്ധതിയിൽപ്പെട്ടവർക്ക് ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ടു.
സാധാരണക്കാരിൽനിന്നു പ്രതിഷേധം ശക്തമായതിനെ തുടർന്ന് പദ്ധതിയുടെ സമയ പരിധി നീട്ടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. കാരുണ്യ ലോട്ടറിയിൽനിന്നുള്ള വരുമാനം ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതി തുടരാൻ ധന വകുപ്പുമായി ധാരണയായെന്നും കാരുണ്യ പദ്ധതിയിൽ അടുത്ത വർഷം മാർച്ച് 31 വരെ ചേരാമെന്നും മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസ് അറിയിച്ചു. ഉത്തരവിറങ്ങും വരെ ചികിത്സ തേടി എത്തുന്നവരെ തിരിച്ചയ്ക്കരുതെന്നും ആശുപത്രികൾ കണക്കുകൾ സൂക്ഷിക്കണമെന്നും പണം സർക്കാർ നൽകുമെന്നും മന്ത്രി അറിയിച്ചു. ഇതു തള്ളിയാണ് ധനവകുപ്പ് രംഗത്തെത്തിയത്.

