ബിഷപ്പ് ഹൗസിലേക്ക് മടങ്ങിവരണമെന്ന് കർ‍ദ്ദിനാൾ ആലഞ്ചേരി; പദവി ഇല്ലാതെ തിരിച്ചുവരില്ലെന്ന് മെത്രാന്മാർ‍


കൊച്ചി: സിറോ മലബാർ സഭയിലെ പൊട്ടിത്തെറിക്കിടെ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, ചുമതലകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ട മെത്രാന്മാരോട് ബിഷപ്പ് ഹൗസിലേക്ക് മടങ്ങി വരണമെന്ന് ‍ ആവശ്യപ്പെട്ടു.  എന്നാൽ പദവി ഇല്ലാതെ തിരിച്ച് വരാൻ തയ്യാറല്ലെന്ന് ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രവും ബിഷപ്പ് ജോസ് പുത്തൻവീട്ടിലും കർ‍ദ്ദിനാളിനെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കർദ്ദിനാൾ കൊച്ചിയിലെ കർദ്ദിനാൾ ഹൗസിലേക്ക് കൂടിക്കാഴഅചയ്ക്കായി ഇരുവരേയും വിളിച്ചുവരുത്തിയത്. സഹായമെത്രാൻ പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഇരുവരും നിലവിൽ അരമനയിലല്ല താമസിക്കുന്നത്. സഭാ സ്ഥാപനങ്ങളിലേക്ക് താമസം മാറ്റിയ ഇരുവരോടും തിരികെ വരണമെന്ന് കൂടിക്കാഴ്ചക്കിടെ കർ‍ദ്ദിനാൾ‍ ആവശ്യപ്പെടുകയായിരുന്നു. 

 സസ്പെൻഷൻ പിൻവലിക്കാതെ ബിഷപ്പ് ഹൗസിലേക്ക് മടങ്ങുന്നില്ലെന്നാണ് ബിഷപ്പുമാരുടെ നിലപാട്. ഇതിൽ തീരുമാനമെടുക്കേണ്ടത് വത്തിക്കാനാണെന്ന് കർദ്ദിനാളും മറുപടി നൽകി. അധികാരമില്ലാത്ത സാഹചര്യത്തിൽ ബിഷപ്പ് ഹൗസിലേക്ക് മടങ്ങി വരുന്നില്ല, ചുമതലകളിൽ നിന്ന് നീക്കി വത്തിക്കാൻ ഇറക്കിയ ഉത്തരവ് പിൻവലിക്കാതെ തീരുമാനത്തിൽ മാറ്റമില്ലെന്നും ഇരുവരും കർദ്ദിനാളിനെ അറിയിച്ചതായാണ് വിവരം. കർദ്ദിനാളിന്‍റെ വാക്ക് വിശ്വസിച്ച് എത്തിയാൽ ബിഷപ്പ് ഹൗസിലെ അനധികൃത താമസക്കാരെന്ന് മുദ്ര കുത്തപ്പെടുമെന്നും ഇരുവരും അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും സഭാ സ്ഥാപനങ്ങളിലേക്ക് തന്നെ മടങ്ങി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed