പൊലീസ് സേനയിലെ അശാസ്ത്രീയ പരിഷ്കാരങ്ങൾ പരിശോധിക്കണമെന്ന് ചെന്നിത്തല
കൊച്ചി: സി.ഐ നവാസിനെ കാണാതാകുകയും പിന്നീട് കണ്ടെതത്തുകയുമടക്കമുള്ള സംഭവങ്ങൾ പൊലീസ് സേനക്കുള്ളിലെ ജോലി സമ്മർദ്ദമാണ് സൂചിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള പൊലീസ് ഇപ്പോൾ നാഥനില്ലാ കളരിയാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം വർദ്ധിച്ചു. സേനയിൽ കൊണ്ടുവന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ സമ്മർദ്ദമെന്നും ചെന്നിത്തല പറഞ്ഞു.
സർകിൾ ഇൻസ്പെക്ടർമാർ എച്ച്.എസ്.ഒമാരായി, എ.ഡി.ജി.പി ഇല്ല പകരം ചുമതല ഐജിമാർക്കാണ്. ഈ പരിഷ്കാരങ്ങളിൽ പരാതിയുമായി ഒരുപാട് പേർ രംഗത്തെത്തുന്നുണ്ട്. പൊലീസിനെ നിയന്ത്രിക്കാൻ ഇപ്പോൾ ആളില്ല. മുഖ്യമന്ത്രിക്ക് പൊലീസ് സേനയിൽ നിയന്ത്രണമില്ല. പൊലീസ് സേനയിൽ അച്ചടക്കമില്ലെന്നും നിലവിലെ അവസ്ഥ ആശാങ്കാ ജനകമാണെന്നും ചെന്നിത്തല പറഞ്ഞു. സി.ഐയെ കണാതായതും പിന്നീട് കണ്ടെത്തിയതും രോഗ ലക്ഷണമാണ്. ഈ വിഷയം സർക്കാരിനോ മുഖ്യമന്ത്രിക്കോ പരിഹരിക്കാൻ കഴിയേണ്ടതാണ്. എന്നാൽ ഇതിന് കഴിയാത്ത അവസ്ഥയാണ് കേരള പൊലീസ് നേരിടുന്നത്. പൊലീസ് സേനയിലെ അശാസ്ത്രീയ പരിഷ്കാരങ്ങളിൽ സേനക്കുള്ളിൽ തന്നെ അതൃപ്തിയുണ്ട്. ഇത് യാഥാർത്ഥ്യ ബോധത്തോടെ പരിശോധിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

