ബാലഭാസ്‌കറിന്റെ ഡ്രൈവറിന്റെ പേരിലുള്ളത് ഒട്ടേറെ ക്രിമിനൽ കേസുകൾ
തൃശൂർ: വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവറായ അർജുൻ വിവിധ ക്രമിനൽ കേസുകളിലെ പ്രതിയാണെന്ന് റിപ്പോർട്ടുകൾ. എ.ടി.എം കവർച്ച, നാഗമാണിക്യം തട്ടിപ്പ്, സ്വർണക്കടത്ത്, നിധി തട്ടിപ്പ്, വ്യാജ സ്വർണ ബിസ്‌കറ്റ് വിൽപ്പന ഇങ്ങനെ നിരവധി ക്രിമിനൽ കേസുകളാണ് ഇയാളുടെ പേരിലുള്ളത്.
മൂന്ന് വർഷം മുന്‍പ് പാലക്കാട്, തൃശൂർ ജില്ലകളിലെ 2 എ.ടി.എം കൗണ്ടറുകൾ തകർത്ത് പണം കവരാൻ ശ്രമിച്ച കേസിലാണ് അർജുൻ ആദ്യം പോലീസിന്റെ പിടിയിലായത്. 2016 ജനുവരി 11ന് ലക്കിടിയിൽ ആയിരുന്നു ആദ്യ കവർച്ചാ ശ്രമം. ബാങ്ക് ഓഫ് ബറോഡ എ.ടി.എം തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഫെബ്രുവരി 25ന് പാഞ്ഞാളിലെ എസ്.ബി.ഐ എ.ടി.എം തകർക്കാൻ ശ്രമിച്ചു. ഇതോടെയാണ് ഇരു സംഭവങ്ങളിലെയും സമാനതകൾ അർജുനെ പൊലീസ് പിടിയിലാക്കിയത്. നിധി ഒളിഞ്ഞു കിടക്കുന്ന സ്ഥലം അറിയാമെന്നും ഇതു കണ്ടെടുത്തു നൽകാൻ സഹായിക്കാമെന്നും വാഗ്ദാനം ചെയ്ത് അർജുനും സംഘവും പലരിൽ നിന്നും പണം തട്ടാൻ ശ്രമിച്ചു. കോടികൾ വിലമതിക്കുന്ന നാഗമാണിക്യം കയ്യിലുണ്ടെന്നു പ്രചരിപ്പിച്ചായിരുന്നു അടുത്ത തട്ടിപ്പ്.
ഗൾഫിൽ നിന്നു നികുതി വെട്ടിച്ചു കടത്തുന്ന കള്ളസ്വർണം വിപണി വിലയേക്കാൾ കുറവിൽ വിൽക്കാനുണ്ടെന്നു കാട്ടി വ്യവസായികളെ തട്ടിച്ചതിൽ നിന്നാണ് അർജുൻ ഉൾപ്പെട്ട യുവാക്കളുടെ സംഘത്തിന്റെ വളർച്ചയുടെ തുടക്കം. തട്ടിപ്പിനിരയായ വ്യവസായികൾ പരാതി നൽകാൻ വിമുഖത കാട്ടിയതു മൂലം ഇവർ കേസുകളിൽപ്പെട്ടില്ല. ഒടുവിൽ സ്വർണം വാങ്ങാൻ താൽപര്യമുള്ള ആളെന്നു തെറ്റിദ്ധരിപ്പിച്ച് സമീപിച്ചാണ് പൊലീസ് അർജുനെ കുടുക്കുന്നത്. അർജുൻ പൊലീസ് തേടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ശേഷം ഫേസ്ബുക്ക് അക്കൗണ്ട് അർജുൻ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

