ഫാനി വരുന്നു; അതീവജാഗ്രതയിൽ തമിഴ്നാട്, കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്കു സമീപം രൂപപ്പെടുന്ന ന്യൂനമർദം ‘ഫാനി’ ചുഴലിക്കാറ്റായി ഇന്ത്യൻ തീരത്തെത്തുമെന്നു മുന്നറിയിപ്പ്. ചുഴലിക്കാറ്റ് തമിഴ്നാടു തീരത്താണു നേരിട്ടു വീശുകയെങ്കിലും കേരളത്തിൽ ഇന്നുമുതൽ ശക്തമായ കാറ്റിനും 29 മുതൽ മേയ് 1 വരെ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും തീരപ്രദേശങ്ങളിലും മുന്നറിയിപ്പുണ്ട്. ന്യൂനമർദം നാളെയോടെ തീവ്രന്യൂനമർദമാകുമെന്നും 30നു ചുഴലിക്കാറ്റായി തമിഴ്നാട് തീരത്തേക്ക് അടുക്കുമെന്നുമാണു നിഗമനം. മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗമുണ്ടാകും. കേരളത്തിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുണ്ട്. 29ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മത്സ്യബന്ധനത്തിനു നിയന്ത്രണം ഏർപ്പെടുത്തി. കേരളതീരത്തു കടൽക്ഷോഭം തുടരുകയാണ്. ബംഗ്ലദേശ് നിർദ്ദേശിച്ച ഫാനി (fani) എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക. ബംഗ്ലാ ഭാഷയിൽ ഫാൻ എന്ന് അർഥം.