പി.കെ.ശശിക്കെതിരെ നടപടി ഉണ്ടാകുമെന്ന് സൂചന

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ഇന്ന് നടപടിയുണ്ടാകുമെന്ന് സൂചന. സിപിഎം സെക്രട്ടേറിയേറ്റില്‍ പരാതിയിന്‍മേല്‍ നല്‍കിയ വിശദീകരണം കൂടി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും നടപടി. സെക്രട്ടറിയേറ്റിനും സംസ്ഥാന സമിതി യോഗത്തിനും ശേഷമായിരിക്കും നടപടി പ്രഖ്യാപിക്കുക.
അതേസമയം, കമ്മീഷന്‍ അംഗങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. പരാതി പാലക്കാട്ടെ വിഭാഗീയതയുടെ ഭാഗമെന്ന് എ.കെ.ബാലനും, വിരുദ്ധമായി പി.കെ.ശ്രീമതിയും നിലപാടെടുത്തു. എന്നാല്‍ ഭിന്നാഭിപ്രായം റിപ്പോർട്ടിലില്ലെന്നും, റിപ്പോർട്ട് തയ്യാറാക്കിയത് ഏകകണ്ഠമായാണെന്നും വിവരമുണ്ട്.
പരാതി പുറത്ത് വന്നതിലെ ഗൂഢാലോചന ആരോപിച്ച് പി.കെ.ശശി നല്‍കിയ പരാതിയിലും നടപടിയുണ്ടായേക്കും. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് പി.കെ.ശശി പ്രതികരിച്ചു. പാര്‍ട്ടി തന്‍റെ ജീവനാണെന്നും പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും പി.കെ ശശി പറഞ്ഞു.
ഡിവൈഎഫ് വനിതാ നേതാവ് ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍റെ അന്തിമ റിപ്പോര്‍ട്ട്. എന്നാൽ ശശിക്കെതിരായ നടപടി തരംതാഴ്ത്തലിൽ ഒതുങ്ങാനാണ് സാധ്യത. ലൈംഗിക പീഡന പരാതി എന്നത് മോശമായി പെരുമാറി എന്നാക്കി മാറ്റിയതായാണ് ലഭിക്കുന്ന വിവരം.
എംഎൽഎ ആയതിനാൽ പാർട്ടിയിൽ നിന്നും പുറത്താക്കലടക്കമുള്ള കടുത്ത നടപടി ഉണ്ടാകാനിടയില്ല. നിലവിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ ഏരിയാ കമ്മിറ്റിയിലേക്കോ മറ്റേതെങ്കിലും കീഴ്ഘടകങ്ങളിലേക്കോ തരംതാഴ്ത്തിത്തിയേക്കാനാണ് സാധ്യത.
എന്നാൽ ചർച്ചയിൽ അംഗങ്ങൾ സ്വീകരിക്കുന്ന നിലപാടും പ്രധാനമാണ്. നാളെ നിയമസഭ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ ശശി വിഷയം പ്രതിപക്ഷം ആയുധമാക്കുമെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. ഇത് കൂടി പരിഗിണിച്ചാണ് ഇന്ന് സംസ്ഥാനകമ്മിറ്റി ചേരാൻ തീരുമാനിച്ചതും.