കടക്കെണിയില്‍ നിന്ന് രക്ഷിക്കണമെന്ന് ഇന്ത്യയോട് മാലെദ്വീപ്

ന്യൂഡല്‍ഹി: വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യയുടെ സഹായം തേടി മാലെദ്വീപ്. പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വിദേശരാജ്യങ്ങളോട് വാങ്ങിയ തുക തിരിച്ചടയ്ക്കാനും കൂടിയാണ് ഇന്ത്യയുടെ സഹായം തേടിയിരിക്കുന്നത്. പുറത്താക്കപ്പെട്ട അബ്ദുള്ള യമീന്‍ സര്‍ക്കാര്‍ വരുത്തിവച്ച കടബാധ്യതകള്‍ എത്രത്തോളമാണെന്ന് പഠിച്ചുവരുന്നതേയുള്ളു. ചൈനയോട് വാങ്ങിയെന്ന് മാലെദ്വീപ് പറയുന്ന തുകയും മാലെദ്വീപിന് നല്‍കിയെന്ന് ചൈന പറയുന്ന തുകയും തമ്മില്‍ പൊരുത്തപ്പെടാത്ത സാഹചര്യമുണ്ടെന്നും അധികൃതര്‍ പറയന്നു.
തങ്ങള്‍ നേരിടുന്ന ഏത് പ്രതിസന്ധിയിലും ഇന്ത്യ കൂടെനില്‍ക്കുമെന്നാണ് പ്രതീക്ഷ. ശുദ്ധജലദൗര്‍ലഭ്യത,മാലിന്യ നിര്‍മ്മാര്‍ജനം ആരോഗ്യരംഗത്തിന്റെ ശാക്തീകരണം എന്നിവയിലെല്ലാം ഇന്ത്യ സഹായിക്കുമെന്ന് മാലെദ്വീപ് പ്രതീക്ഷിക്കുന്നുണ്ട് എന്നും മാലെദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷഹീദ് പറഞ്ഞു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി തിങ്കളാഴ്ച്ച സംസാരിക്കുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ചര്‍ച്ച നടത്തുമെന്നാണ് വിവരം. മാലെദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സ്വാലിഹിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ഇത്. പുറത്താക്കപ്പട്ട അബ്ദുള്‍ യമീന്‍ സര്‍ക്കാര്‍ അനാവശ്യമായി നിരവധി കടങ്ങള്‍ വരുത്തിവച്ചിട്ടുണ്ടെന്നാണ് മാലെദ്വീപ് ഇപ്പോള്‍ പറയുന്നത്.