കര്‍ണാടകത്തില്‍ അഞ്ചില്‍ നാലിലും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം..


ബെംഗളൂരു: കര്‍ണാടകത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് തിളക്കമാര്‍ന്ന വിജയം. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളില്‍ രണ്ട് നിയസഭാ സീറ്റും രണ്ട് ലോക്‌സഭാ സീറ്റും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. യെദ്യൂരപ്പയുടെ തട്ടകവുമായ ശിവമോഗയില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. ബി.ജെ.പി സിറ്റിങ് സീറ്റായ ബെല്ലാരി രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് നേതാവ് ഉഗ്രപ്പ തിരിച്ചുപിടിച്ചത്‌.

രാമനഗര നിയസഭാ സീറ്റില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി അനിതാ കുമാരസ്വാമി 109137 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ജാംഘണ്ടി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ന്യാമഗൗഡ 39480 വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു. മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി എല്‍.ആര്‍ശിവരാമഗൗഡ രണ്ടരലക്ഷത്തോളം വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

 2004ല്‍ നടന്‍ അംബരീഷ് നേടിയ 1,24,438 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ റെക്കോഡാണ് ഇവിടെ തകര്‍ന്നത്. ശിവമോഗ ലോക്‌സഭാ സീറ്റില്‍ 47000 വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ ആശ്വാസ ജയം. ഇവിടെ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പയുടെ മകന്‍ ബി.വൈ രാഘവേന്ദ്രയാണ് വിജയിച്ചത്. 2014ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന ബി.എസ് യദ്യൂരപ്പ 3,63,305 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ് ശിവമോഗ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed