ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുക്കണം: ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: ശബരിമല കേന്ദ്രീകരിച്ച് രാഷ്ട്രീയലാഭത്തിനായി ഗൂഢാലോചന നടത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍പിള്ള നടത്തിയ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്‌ക്കെതിരായ ഗൂഢാലോചനയാണ്.
സുപ്രിംകോടതി വിധിയെ അട്ടിമറിച്ച് നട അടയ്ക്കുമെന്ന് തന്ത്രി പ്രഖ്യാപിച്ചത് തന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഈ ഗൂഢാലോചനയ്‌ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. ശബരിമല മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ബിജെപി ഉപേക്ഷിക്കണം. ശബരിമല ഭക്തര്‍ക്ക് വിട്ടുകൊടുക്കാന്‍ ആര്‍എസ്എസും ബിജെപിയും തയ്യാറാകണം എന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

