ശബരിമല: വനിതാ മാധ്യമ പ്രവര്‍ത്തകരെ അയയ്ക്കരുതെന്ന് ഹിന്ദു സംഘടനകള്‍
കോട്ടയം: ശബരിമല നട ബുധനാഴ്ച തുറക്കുന്ന സാഹചര്യത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെ അവിടേക്ക് അയക്കരുതെന്ന നിര്‍ദേശവുമായി ഹിന്ദു സംഘടനകള്‍. മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് ഹിന്ദു സംഘടനകള്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ശബരിമല കര്‍മ സമിതിയാണ് ഈ നിര്‍ദേശം മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന വിശ്വ ഹിന്ദു പരിഷത് ഉള്‍പ്പടെയുള്ള സംഘടനകളുടെ കൂട്ടായ്മയാണ് ശബരിമല കര്‍മ സമിതി. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷം രണ്ടാമത്തെ തവണയാണ് ശബരിമല നട തുറക്കാന്‍ പോവുന്നത് . റിപ്പോര്‍ട്ടിങ്ങിനായി വനിതാ മാധ്യമപ്രവര്‍ത്തകര്‍ ശബരിമലയില്‍ എത്തുന്നത് സ്ഥിതിഗതികള്‍ വഷളാവാന്‍ ഇടയാക്കുമെന്ന് മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റര്‍മാര്‍ക്ക് എഴുതിയ കത്തില്‍ ശബരിമല കര്‍മ സമിതി അവകാശപ്പെടുന്നു. .

