ആദിവാസി കൂട്ടായ്മയിൽ രാഷ്‌ട്രീയം കലർത്തില്ലെന്ന് സി.കെ ജാനു
കൽപ്പറ്റ : ആദിവാസിക്കൂട്ടായ്മയിൽ രാഷ്‌ട്രീയം കലർത്തില്ലെന്നും ആദിവാസി ഗോത്രമഹാസഭ എൻ.ഡി.എ മുന്നണിയിലാണെങ്കിലും പ്രവർത്തകർ ബി.ജെ.പിക്കാരാണെന്ന് അർത്ഥമില്ലെന്നും സി.കെ ജാനു അഭിപ്രായപ്പെട്ടു. 15−ാം മുത്തങ്ങ വാർഷിക ദിനാചരണത്തിൽ കൽപ്പറ്റയിൽ നടന്ന സംയുക്ത ഗോത്രസംഗമത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ആദിവാസികളുടെ പ്രശന്ങ്ങൾ സർക്കാർ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞ ജാനു പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് കേരളത്തിൽ നിന്ന് ഒരു സീറ്റ് സംവരണം നൽകുക, വനാവകാശ നിയമം പൂർണമായും നടപ്പാക്കുക, വേടർ വിഭാഗത്തെ പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുത്തുക, ആദിവാസി സ്വയംഭരണ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരം തുടരുമെന്നും കൂട്ടിച്ചേർത്തു. മണ്ണിൽ ജീവിക്കാൻ മറ്റുള്ളവന്‍റെ ഔദാര്യം കാക്കേണ്ട അവസ്ഥയാണ് ആദിവാസിക്ക്.
ഒരു തുണ്ട് ഭൂമിപോലും സ്വന്തമില്ലാത്തവരാണ് അധികവും. വീടുവയ്ക്കാൻ രണ്ട് സെന്‍റ് ഭൂമിയെങ്കിലും മതി. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് പറയുന്ന കേരളത്തിലാണ് ഈ ദുരവസ്ഥയെന്നും അവർ ആരോപിച്ചു. എല്ലാവർക്കും നൽകി മിച്ചംവരുന്ന ഭൂമിയല്ല ആദിവാസികൾക്ക് നൽകേണ്ടത്. മണ്ണിൽ ജീവിച്ച് മരിക്കാനുള്ള അവകാശം ആദിവാസിക്കുണ്ട്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ച് നൽകണമെന്ന് സൂപ്രീംകോടതി പറഞ്ഞു.
എന്നാൽ സംസ്ഥാന സർക്കാർ പകരം ഭൂമി നൽകാമെന്ന് പറഞ്ഞ് അത് അട്ടിമറിച്ചു. പിന്നീട് ഭൂമിയൊന്നും നൽകിയില്ല. ആദിവാസികളുടെ അവകാശങ്ങൾക്കായി എല്ലാവരും ഒരുമിച്ച് നിൽക്കുമെന്നും സി.കെ ജാനു പറഞ്ഞു.

