നീതി നിർവ്വഹണം സാധ്യമാകുന്നത് മാധ്യമങ്ങളിലൂടെ : സെബാസ്റ്റ്യൻ പോൾ
ഇടുക്കി : മാധ്യമപ്രവർത്തകർ നടത്തുന്ന സമാന്തര പ്രവർത്തനങ്ങളിലൂടെയാണ് നീതി നിർവ്വഹണം സാധ്യമാകുന്ന തെന്ന് മുൻ എം.പി സെബാസ്റ്റ്യൻ പോൾ. തൊടുപുഴ പ്രസ് ക്ലബ്ബ് ഹാളിൽ ബാലാവകാശ നിയമങ്ങളും മാധ്യമങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാർത്തകൾ കൊടുക്കുന്നതിൽ നിന്നും മാധ്യമങ്ങൾ പിൻമാറിയാൽ കുറ്റകൃത്യങ്ങളുടെ എണ്ണം ഇരട്ടിയാകും. മാധ്യമങ്ങളുടെ നിരന്തരമായ ഇടപെടൽ മൂലമാണ് പല സംഭവങ്ങളും പുറത്തുവരുന്നത്. കുട്ടികൾക്കെതിരെയുള്ള പീഡനങ്ങളും മറ്റും വാർത്തയാക്കുന്പോൾ മാധ്യമപ്രവർത്തകർ സ്വയം നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ സഹകരണത്തോടെ ഇടുക്കി പ്രസ് ക്ലബ്ബും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് സംഘടിപ്പിച്ച സെമിനാറിൽ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് അഷ്‌റഫ് വട്ടപ്പാറ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗങ്ങളായ സിസ്റ്റർ ബിജി ജോസ്, പി.ജെ.ആന്റണി, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ വി.എ ഷംനാദ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പി.ജി ഗോപാലകൃഷ്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.പി സന്തോഷ്, പ്രസ് ക്ലബ്ബ് സെക്രട്ടറി എം.എൻ സുരേഷ് എന്നിവർ സംസാരിച്ചു.

