ശുഹൈബ് വധത്തിന് തൊട്ടുമുന്പ് 19 കൊലപ്പുള്ളികൾക്ക് പരോൾ : ഗുരുതര ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം : കണ്ണൂരിലെ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്കൂൾ പറന്പത്ത് വീട്ടിൽ ശുഹൈബ് കൊല്ലപ്പെടുന്നതിന് മുന്പ് ടി.പി കേസ് പ്രതി കൊടി സുനി ഉൾപ്പെടെ 19 കൊലപ്പുള്ളികൾക്ക് പരോൾ നൽകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് രേഖകൾ അദ്ദേഹം വാർത്താസമ്മേളനത്തിൽ പുറത്ത് വിട്ടു.
ശുഹൈബ് കൊലക്കേസിലെ പ്രതികളിൽ ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ ഇത്രയും ദിവസം കഴിഞ്ഞിട്ടും പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസിന്‍റെ കള്ളക്കളിയാണ് ഇത് വ്യക്തമാക്കുന്നത്. സി.പി.എം ഡമ്മി പ്രതികളെ നൽകുന്നതു വരെ അറസ്റ്റ് ഉണ്ടാകില്ല. ശുഹൈബിന്റെ കൊലപാതകത്തിന് മുന്പായി വിവിധ രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികൾക്ക് കൂട്ടത്തോടെ പരോൾ നൽകിയതും സംശയാസ്പദമാണ്. സി.പി.എം ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയല്ല. ഭീകര സംഘടനകളുടെ അതേ മാതൃകയിലുള്ള പ്രാകൃത രീതിയിലെ കൊലപാതകങ്ങളും അക്രമങ്ങളുമാണ് സി.പി.എം കേരളത്തിൽ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.