ചൈ­നാ­ അനു­കൂ­ല നി­ലപാട് ആവർ­ത്തി­ച്ച് കോ­ടി­യേ­രി­


കൊച്ചി : ചൈനയ്ക്കെതിരായ സാമ്രാജ്യത്വ അച്ചുതണ്ടിന്റെ ഭാഗമാണ് ഇന്ത്യയെന്ന തന്റെ അഭിപ്രായത്തിൽ ഉറച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം എറണാകുളം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കോടിയേരി തന്റെ നിലപാട് ആവർത്തിച്ചത്. സോഷ്യലിസം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ചൈനയെ തകർക്കാനാണ് അമേരിക്ക ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളുടെ അച്ചുതണ്ട് രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.  

രാജ്യാന്തര വിഷയങ്ങളിൽ സജീവമായി ഇടപെടുമെന്ന ചൈനയുടെ പ്രഖ്യാപനമാണ് ഈ രാജ്യങ്ങളെ ഒന്നിപ്പിച്ചത്. ഉത്തരകൊറിയ സൈനികശക്തി വർദ്ധിപ്പിക്കുന്നത് നിലനിൽപ്പിന് വേണ്ടി മാത്രമാണ്. സോഷ്യലിസ്റ്റ് മാർഗ്ഗത്തിലൂടെ വളർച്ചയുടെ പാതയിലെത്തുന്നതിനാണ് ഉത്തര കൊറിയയും ചൈനയും ശ്രമിക്കുന്നത്. രാജ്യാന്തര വിഷയങ്ങളിലെ നിലപാടുകൾ തുറന്നു പറയുന്നതിന്റെ പേരിൽ സി.പി.എമ്മിനെതിരെ കുപ്രചരണം നടത്തുന്നത് സാമ്രാജ്യത്വ പക്ഷപാതമുള്ളവരാണ്. മറ്റേതെങ്കിലും രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല സി.പി.എമ്മിനെ നിയന്ത്രിക്കുന്നത്. സ്വന്തം രാജ്യത്തിന്റെ പ്രത്യേകതകൾ ഉൾക്കൊണ്ട് ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. സി.പി.എമ്മിനെ ചൈനീസ് ചാരന്മാരെന്നു വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണം. കോടിയേരി ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed