ശ്രീജീവിന്റെ മരണം : ഹൈക്കോടതി സി.ബി.ഐയോട് നിലപാട് തേടി
കൊച്ചി : നെയ്യാറ്റിൻകര സ്വദേശി ശ്രീജീവ് പോലീസ് കസ്റ്റഡിയിൽ മരിക്കാനിടയായ സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സി.ബി.ഐയോട് നിലപാടറിയിക്കാൻ നിർദ്ദേശിച്ചു. ശ്രീജീവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പോലീസ് അന്വേഷണത്തിൽ സത്യം പുറത്ത് വരില്ലെന്നും ശ്രീജിത്ത് ഹർജിയിൽ വ്യക്തമാക്കി. ശ്രീജീവ് മരിച്ചത് പോലീസിന്റെ മർദ്ദനമേറ്റാണെന്ന പോലീസ് കംപ്ളെയിന്റ് അതോറിറ്റി മുൻ ചെയർമാൻ ജസ്റ്റിസ് നാരായണ കുറുപ്പിന്റെ കണ്ടെത്തലും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാറശ്ശാല എസ്.ഐ ആയിരുന്ന ഗോപകുമാർ, എ.എസ്.ഐ ഫിലിപ്പോസ് എന്നിവരാണ് സംഭവത്തിന് ഉത്തരവാദികളെന്നും, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രതാപചന്ദ്രനും എ.എസ്.ഐ വിജയദാസും സംഭവത്തിന് ഒത്താശ ചെയ്തെന്നും കണ്ടെത്തിയ അതോറിറ്റി വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്തു. 2017 ജൂലായിൽ, കേസ് സംസ്ഥാന സർക്കാർ സി.ബി.ഐയ്ക്ക് വിട്ടതാണെന്നും എന്നാൽ അപ്രധാനമായ കേസാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണത്തിന് അവർ വിസമ്മതിക്കുകയായിരുന്നെന്നും ഹർജിയിൽ ശ്രീജിത്ത് വ്യക്തമാക്കുന്നു.
ശ്രീജീവ് ലോക്കപ്പിൽ വെച്ച് വിഷം കഴിച്ചതാണെന്ന പോലീസുകാരുടെ കള്ളക്കഥ പോലീസ് കംപ്ലെയിന്റ് അതോറിട്ടി ചെയർമാനായിരുന്ന ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് പൊളിച്ചടുക്കുകയും നഷ്ടപരിഹാരമായി 10ലക്ഷം രൂപ നൽകാനും നിർദ്ദേശിച്ചു. തുക സർക്കാർ ഉടൻ ലഭ്യമാക്കി. എന്നാൽ സി.ബി.ഐ കേസ് അന്വേഷണം ഏറ്റെടുക്കണമെന്നാണ് സഹോദരന്റെ ആവശ്യം. നെയ്യാറ്റിൻകര കുളത്തൂർ വെങ്കടന്പ് പുതുവൽ പുത്തൻ വീട്ടിൽ ശ്രീജീവെന്ന 25കാരനെ 2014 മേയ് 19നാണ് പാറശ്ശാല പോലീസ് മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ടാംനാൾ മെഡിക്കൽ കോളേജ് ആശുപത്രിൽ കിടക്കുന്ന ശ്രീജീവിന്റെ ചേതനയറ്റ ശരീരമാണ് കുടുംബാംഗങ്ങൾ കണ്ടത്. പ്രതിസ്ഥാനത്ത് ഒരു കൂട്ടം പോലീസുകാരായതിനാൽ പരാതിയുമായി േസ്റ്റഷനിൽ കയറിയിറങ്ങാൻ കഴിയാത്ത അവസ്ഥയായതോടെ ശ്രീജിത്ത് സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുകയായിരുന്നു.

