ആരോപണങ്ങൾ നിഷേധിച്ച് മന്ത്രി തോമസ് ചാണ്ടി

ആലപ്പുഴ : തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടി. കായൽ കൈയേറ്റവും നിലം നികത്തലും അനധികൃത കെട്ടിട നിർമ്മാണവും അടക്കം തനിക്കെതിരായ ആരോപണങ്ങളെല്ലാം മന്ത്രി നിഷേധിച്ചു. താൻ ഒരു സെന്‍റ് ഭൂമി പോലും കൈയേറിയെന്ന് ആർക്കും തെളിയിക്കാനാവില്ലെന്ന് പറഞ്ഞ തോമസ് ചാണ്ടി താൻ നികത്തിയത് നിലമല്ലെന്നും കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണെന്നും അവകാശപ്പെട്ടു. കായൽ കൈയേറിയിട്ടില്ല. എന്നാൽ കെട്ടിടങ്ങൾ അനധികൃതമാണെന്ന കാര്യത്തിൽ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറി.
വഴി മണ്ണിട്ട് നികത്തിയത് സ്ഥലം സംരക്ഷിക്കാനാണ്, അത് സർക്കാർ ആവശ്യപ്പെട്ടാൽ മാറ്റാൻ തയാറാണ്, എന്നാൽ പകരം വഴി ഏതാണെന്ന് സർക്കാർ കാണിച്ചു തരണമെന്നും തോമസ് ചാണ്ടി ആവശ്യം ഉയർത്തി. തോമസ് ചാണ്ടിയുടെ ഫയലുകൾ കാണാതായതിനെ തുടർന്ന് ചോദ്യം ഉയർന്നപ്പോൾ ക്ഷോഭ്യനായാണ് മന്ത്രി പ്രതികരിച്ചത്. ഫയലുകൾ സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്വം അല്ലെന്ന് ക്ഷോഭ്യനായി മന്ത്രി പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടന്നു കഴിഞ്ഞെന്നും പിന്നിൽ ഒരു ചാനൽ പ്രതിനിധിയാണെന്നും അദ്ദേഹത്തിന്റെ ബന്ധുവിന്റെ സമ്മർദ്ദ ഫലമാണിതെന്നും മന്ത്രി തുറന്നടിച്ചു. കലക്ടർ റിപ്പോർട്ട് കൊടുത്തത് അറിയില്ലെന്ന് പറഞ്ഞ തോമസ് ചാണ്ടി പിന്നീട് ഈ റിപ്പോർട്ട് പ്രാഥമികമാണെന്നും തന്റെ ഭാഗം കേട്ടില്ലെന്നും തിരുത്തി പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചനയുണ്ട്. രാജിവെക്കേണ്ട സാഹചര്യമില്ല. മാത്തൂർ ദേവസ്വത്തിന്റെ ഭൂമിയെക്കുറിച്ച് സംസാരിക്കാൻ താൻ തയ്യാറല്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി താനുമായി സംസാരിച്ചിട്ടില്ല. ആരോപണങ്ങൾ വാസ്തവമല്ലെന്ന് അദ്ദേഹത്തിനറിയുന്നതുകൊണ്ടാണതെന്നും തോമസ് ചാണ്ടി പറഞ്ഞു.
തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടർ ടി.വി അനുപമ ഇന്നലെ ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. റവന്യൂ സെക്രട്ടറിയ്ക്കാണ് റിപ്പോർട്ട് നൽകിയത്. റവന്യൂ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു കളക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. കളക്ടറുടെ റിപ്പോർട്ടിൽ തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റം സ്ഥിരീകരിക്കുന്നതായാണ് സൂചന. അതിനിടെ മാത്തൂർ ദേവസ്വം ഭൂമി കൈയേറ്റ പ്രശ്നത്തിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ലാൻഡ് ബോർഡ് സെക്രട്ടറി സി.എ ലതയ്ക്കാണ് അന്വേഷണ ചുമതല. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് റവന്യൂമന്ത്രി നിർദേശം നൽകിയിട്ടുള്ളത്.
തോമസ് ചാണ്ടി തുടരണോയെന്ന് തീരുമാനിക്കേണ്ടത് പ്രമാണിമാർ : വി.എസ്
തിരുവനന്തപുരം : ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിമർശനവുമായി ഭരണപരിഷ്‌കാര കമ്മിഷൻ വി.എസ് അച്യൂതാനന്ദൻ. തോമസ് ചാണ്ടിയെ ഒപ്പം കൊണ്ടു നടക്കുന്നത് ഭൂഷണമായാണ് ചില പ്രമാണിമാർ കരുതുന്നതെന്ന് വി.എസ് പരോക്ഷമായി പിണറായിയെ വിമർശിച്ചു.
തോമസ് ചാണ്ടി ഇനിയും മന്ത്രി സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിന് അത് മന്ത്രിസഭയിലെ പ്രമാണിമാർ തീരുമാനിക്കേണ്ട കാര്യമാണെന്ന് വി.എസ് പരിഹസിച്ചു. തോമസ് ചാണ്ടി വിഷയത്തിൽ ഇതാദ്യമാണ് വി.എസ് പ്രതികരണം നടത്തിയത്.