സോളാർ കേസ് : ഉമ്മൻ ചാണ്ടിയുടെ ഹർജിയിൽ വിധി പറയുന്നത് മാറ്റി വെച്ചു

ബംഗളുരു : സോളാർ കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ ഇടക്കാല ഹർജിയിൽ വിധി പറയുന്നത് ബംഗളുരു കോടതി മാറ്റി വെച്ചു. ഒക്ടോബർ ഏഴിലേക്കാണ് ഹർജി വിധി പറയുന്നതിനായി മാറ്റിയിരിക്കുന്നത്. അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് വിധി പറയുക. ബംഗളൂരു വ്യവസായി എം.കെ. കുരുവിള നൽകിയ കേസിലെ വിധിക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്.
സോളാർ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാമെന്ന് വാഗ്ദാനം നൽകി എം.കെ. കുരുവിളയിൽനിന്നു പണം കൈപ്പറ്റി എന്നാണു കേസ്. ഉമ്മൻ ചാണ്ടി അടക്കം ആറ് പേരായിരുന്നു പ്രതികൾ. നേരത്തെ കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള പ്രതികൾ പിഴ അടയ്ക്കണമെന്ന് കോടതി വിധിച്ചിരുന്നു. ഇതിനെതിരെ ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിയിൽ വിധി കോടതി റദ്ദാക്കി.
തന്റെ വാദം കേൾക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും കേസിൽ തന്റെ ഭാഗം കേൾക്കണമെന്നുമാണ് ഉമ്മൻ ചാണ്ടി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് ഹർജിയിൽ കോടതി വിശദമായി വാദംകേട്ടു. ഇതിന്റെ വിധിയാണ് ഇപ്പോൾ പ്രസ്താവിക്കുന്നത്.