ഏനാത്ത് പാലം : നിർമ്മാണച്ചിലവ് വഹിച്ചത് കരസേനയെന്ന് മന്ത്രി

പുത്തൂർ : ഏനാത്ത് ബെയ്‌ലി പാലത്തിന്റെ നിർമ്മാണച്ചിലവ് പൂർണമായും വഹിച്ചത് കരസേനയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. ഇളക്കിമാറ്റുന്ന പാലത്തിന്റെ ഭാഗങ്ങൾ തിരികെ കൊണ്ടുപോകുന്നതിനുള്ള ഗാതാഗതച്ചിലവും പ്രതിരോധവകുപ്പ് വഹിക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
പാലം പൊളിച്ചുനീക്കുന്ന ജോലികൾ നടക്കുന്നതിനിടെ സൈനികരെ അഭിനന്ദിക്കാന്‍ സ്ഥലത്തെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലം അപകടത്തിലായപ്പോൾ യാത്രാക്ലേശം പരിഹരിക്കാൻ ബെയ്‌ലി പാലം എന്ന ആവശ്യം മുന്നോട്ടുവച്ചപ്പോൾത്തന്നെ അനുമതി നൽകിയ കേന്ദ്ര സർക്കാരനോടും വേഗത്തിൽ പാലം നിർമ്മിച്ചുനൽകിയ സൈന്യത്തോടും സംസ്ഥാന സർക്കാരിന്റെ നന്ദി അറിയിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.