പിണറായിയുടെ മാപ്പ് പറച്ചിൽ ആരോഗ്യ മേഖലയുടെ പരാജയത്തിന്റെ അടയാളം: രമേശ് ചെന്നിത്തല
കൊല്ലം : തിരുനെൽവേലി സ്വദേശി മുരുകൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മാപ്പുപറച്ചിൽ ആരോഗ്യ മേഖലയുടെ തികഞ്ഞ പരാജയത്തിന്റെ ഏറ്റവും വലിയ അടയാളമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മികച്ചപാർലമെന്റേറിയൻ പുരസ്കാരം നേടിയ എൻ.കെ.പ്രേമചന്ദ്രൻ എംപിക്ക് യു.ഡി.എഫ് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മെഡിക്കൽ കോേളജിൽപോലും ചികിത്സ നിഷേധിച്ചത്. ജീവൻ രക്ഷിക്കുന്നതിനുള്ള കാരുണ്യം ആശുപത്രികൾക്ക് ഇല്ലാതാകുന്നതിൽ ദുഃഖമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.പണക്കാർക്ക് ബി.പി.എൽ കാർഡും പാവങ്ങൾക്ക് എ.പി.എൽ കാർഡുമാണ് നൽകിയതെന്നും മന്ത്രി കെ.രാജുവും ഇരവിപുരം എം.എൽ.എ എം.നൗഷാദും ബി.പി.എൽ പട്ടികയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പനിപിടിച്ച് 700ൽ അധികം പേർ മരിച്ചു.
ചികിത്സാ സഹായത്തിനു മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയാൽ രോഗി മരിച്ചാൽ പോലും സഹായം ലഭിക്കില്ലെന്നും കശുവണ്ടി, കയർ തൊഴിലാളികൾക്കു നൽകിയ വാഗ്ദാനം പാലിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ അദ്ധ്യക്ഷത വഹിച്ചു. സി.വി.പത്മരാജൻ, ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്ണ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, മുൻമന്ത്രി ഷിബു ബേബി ജോൺ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം. അൻസറുദീൻ, തുടങ്ങിയവർ പ്രസംഗിച്ചു.

