ചരിത്രം കുറിച്ച് ഗബ്രിയേൽ
ആലപ്പുഴ : പുന്നമടയിലെ ഓളപ്പരപ്പിൽ ചരിത്രം കുറിച്ച് ഗബ്രിയേൽചുണ്ടന്റെ വീരഗാഥ. 65−ാമത് നെഹ്‌റുട്രോഫി ജലമേളയിൽ പ്രമുഖ ബോട്ട്‌ക്ലബുകളെ ഞെട്ടിച്ചാണ് എറണാകുളം തുരുത്തിപ്പുറം ബോട്ട്‌ക്ലബ് തുഴഞ്ഞ ഗബ്രിയേൽ ചുണ്ടൻ ആദ്യമായി നെഹ്‌റുട്രോഫി നേടിയത്. കുട്ടനാട്ടുകാരും കുമരകംകാരും കൈവശംവച്ചിരുന്ന കപ്പ് ആദ്യമായാണ് എറണാകുളം ബോട്ട് ക്ലബ്ബ് കൊണ്ടുപോയത്.
കോട്ടയവും കൊല്ലവും നെഹ്രുട്രോഫി വെള്ളിക്കപ്പ് കൊണ്ടുപോയിട്ടുണ്ടെങ്കിലും എറണാകുളത്തെ ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, പ്രതീക്ഷകളെ മറികടന്ന് തോൽപ്പിച്ച് ഉമ്മൻ ജേക്കബ് ചെത്തിക്കാട് ക്യാപ്റ്റനായ ഗബ്രിയേൽ കപ്പടിച്ചു. ഫൈനലിൽ നാലുമിനിട്ടും 17 സെക്കൻ്റും 42 മൈക്രോ സെക്കൻ്‍റുമെടുത്താണ് ചരിത്രം കുറിച്ചത്.
നീരണിഞ്ഞ കഴിഞ്ഞ വർഷം കൈനകരി യു.ബി.സിയുടെ കൈക്കരുത്തിൽ രണ്ടാംസ്ഥാനം നേടിയ ഗബ്രിയേൽ അതേ ബോട്ട്‌ക്ലബിനെ പിൻതള്ളിയാണ്. ഇത്തവണ ഒന്നാംസ്ഥാനത്തേക്ക് കുതിച്ചത്. ഹീറ്റ്‌സിൽ 4.14.82 എന്ന ചരിത്രം കുറിച്ച വേന്പനാട് ക്ലബിന്റെ പായിപ്പാടൻ ഫൈനലിൽ മൂന്നാംസ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. ഹീറ്റ്‌സിൽ പായിപ്പാടൻ പിന്നിൽ മികച്ച രണ്ടാമത്തെ സമയം കുറിച്ച കാരിച്ചാൽ (4.20.63) നാലാം സ്ഥാനത്തായി.
കഴിഞ്ഞ തവണ തുഴഞ്ഞ കൈനകരി യു.ബി.സിയിലെ 30 ഓളംപേർ ഇത്തവണ ഗബ്രിയേലിനൊപ്പമായിരുന്നു. കഴിഞ്ഞ വട്ടം നെഹ്‌റുട്രോഫി നേടിയ വേന്പനാട് ക്ലബിന്റെ കാരിച്ചാലിനെ സ്വന്തമാക്കിയാണ് കുമരകം ടൗൺ ഇത്തവണ പോരിനിറങ്ങിയത്. ഇതര സംസ്ഥാനക്കാരുൾപ്പടെ മികച്ച തുഴച്ചിൽക്കാരെ അണിനിരത്തിയാണ് വേന്പനാട് ടീം എത്തിയത്.
എന്നാൽ ഫൈനൽ അവരുടെ മോഹങ്ങൾ തച്ചുതകർത്തു. എന്നാൽ ഗബ്രിയേൽ നടത്തിയ മുന്നേറ്റം ഏവരെയും അന്പരപ്പിക്കുന്നതായിരുന്നുവെന്നതിൽ സംശയമില്ല. ഹീറ്റ്‌സ് മത്സരങ്ങളിൽ കടപുഴകിയ വന്പൻമാർ അര ഡസനോളംവരും. തിരുവല്ല തോട്ടടി കാൽവരി ബോട്ട്‌ക്ലബിന്റെ നടുഭാഗത്തിന്റേതായിരുന്നു വൻ വീഴ്‌ച. അവർക്ക് സെക്കൻഡ് ലൂസേഴ്‌സ് ഫൈനലിലെ ഇടം ലഭിച്ചുള്ളൂ.

