സുഡാന്‍ കലാപത്തിൽ 413 പേർ കൊല്ലപ്പെട്ടു ; ലോകാരോഗ്യ സംഘടന

സുഡാനിൽ തുടരുന്ന ആഭ്യന്തര കലാപത്തിൽ ഇതുവരെ 413 പേർ കൊല്ലപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടന. 3,551 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഒമ്പത് പേർ കുട്ടികളാണ്. 50ലേറെ കുട്ടികൾക്ക് മാരകമായി പരിക്കേറ്റുവെന്നും ടർക്കിഷ് ന്യുസ് ഏജന്‍സി അനദോളു റിപ്പോർട്ട് ചെയ്യുന്നു.
സൈന്യവും പാരാമിലിട്ടറി റാപിഡ് സപ്പോർട്ട് ഫോഴ്‌സസും തമ്മിലാണ് ഏറ്റുമുട്ടൽ. ഇതിനകം 11 ആരോഗ്യ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു. 20 ആശുപത്രികൾ അടച്ചുപൂട്ടി. ഇതോടെ സംഘർഷത്തിൽ പരിക്കേൽക്കുന്നവർക്ക് മാത്രമല്ല, മുന്‍പ് ചികിത്സ തേടിക്കൊണ്ടിരുന്നവരുടെ തുടർ ചികിത്സയും അവതാളത്തിലായെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് മാർഗരറ്റ് ഹാരീസ് ചൂണ്ടിക്കാട്ടി.
മിക്കയിടത്തും വൈദ്യുതി മുടങ്ങി. ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയ്ക്ക് ജനം നെട്ടോട്ടമോടുകയാണ്. ആശുപത്രികൾക്ക് തീയിടുന്നതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്ന വിഷയമെന്ന് യുണിസെഫ് വക്താവ് ജെയിംസ് എൽഡർ പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്ക് പോഷകാഹാരക്കുറവുള്ള നാടാണ് സുഡാന്‍. സംഘർഷം കൂടി വന്നതോടെ ജീവന്‍ രക്ഷാ ഉപാധികൾ തേടുന്ന 50,000 ഓളം കുട്ടികളുടെ ജീവന്‍ അപകടത്തിലായി.
വൈദ്യുതി ബന്ധം നിലച്ചതോടെ നാല് കോടി ഡോളർ മൂല്യമുള്ള വാക്‌സിനും ഇന്‍സുലിനുമാണ് നശിക്കുന്നത്. സ്‌കൂളുകളിലും കെയർ സെന്ററുകളിലുമുള്ള കുട്ടികളുടെ അഭയാർത്ഥി കേന്ദ്രങ്ങൾക്ക് സമീപവും ആക്രമണം നടക്കുന്നുണ്ട്. ഷെല്ലിംഗ് പതിവായതോടെ കുട്ടികളുടെ ആശുപത്രികൾ ഒഴിപ്പിക്കേണ്ടിവന്നു. രാജ്യത്തെ നാലിൽ മൂന്ന് കുട്ടികളും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. അവർക്ക് വളരെയധികം മാനുഷിക പരിഗണന നൽകേണ്ടിയിരിക്കുന്നു.
1.15 കോടി കുട്ടികൾക്ക് അടിയന്തരമായി ജലവും മറ്റ് സാനിറ്റേഷന്‍ സൗകര്യങ്ങളും വേണം. 70 ലക്ഷം കുട്ടികൾക്ക് വിദ്യാഭ്യാസ അവസരം നഷ്ടപ്പെട്ടു. ആറ് ലക്ഷത്തോളം കുട്ടികൾ അതീവ ഗുരുതരമായ പോഷകാഹാര കുറവ് നേരിടുകയാണന്നും യുണിസെഫ് വക്താവ് പറയുന്നു.
fghfgh