ഋഷി സുനകിന്റെ വിശ്വസ്തൻ ഒലിവർ ഡൗഡൺ ബ്രിട്ടിഷ് ഉപപ്രധാനമന്ത്രി

ഋഷി സുനകിന്റെ വിശ്വസ്തനായ ഒലിവർ ഡൗഡൺ ബ്രിട്ടിഷ് ഉപപ്രധാനമന്ത്രി. സഹപ്രവർത്തകരോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ രാജിവച്ചൊഴിഞ്ഞ ഡൊമിനിക് റാബിന് പകരക്കാരനായാണ് ഉടൻ തന്നെ തന്റെ വിശ്വസ്തനായ ഒലിവർ ഡൗഡനെ ഋഷി ഡെപ്യൂട്ടി പ്രധാനമന്ത്രിയായി നിയമിച്ചത്. 2015 മുതൽ ഹെഡ്ഫോർഡ്ഷെയറിൽനിന്നുള്ള പാർലമെന്റ് അംഗമാണ് ധനകാരപ്യ വിദഗ്ധനായ ഒലിവർ. പേമാസ്റ്റർ ജനറൽ, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഡിജിറ്റൽ− കൾച്ചർ− മീഡിയ− ആൻഡ് സ്പോർട്സ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചു പരിചയമുള്ളയാളാണ് യുവനേതാവായ ഡൗഡൺ.
ഡൊമിനിക് റാബ് ചുമതല വഹിച്ചിരുന്ന ജസ്റ്റിസ് സെക്രട്ടറി പദവിയിൽ അലക്സ് ചോക്കിനെയും പ്രധാനമന്ത്രി നിയമിച്ചു. സഹപ്രവർത്തകരോട് അപമര്യാദയായി പെരുമാറിയതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പ്രധാനമന്ത്രിക്കു ലഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഡൊമിനിക് റാബ് രാജിവച്ചൊഴിഞ്ഞത്. നേരത്തെ ഇതുസംബന്ധിച്ച ആരോപണം ഉയർന്നപ്പോൾ തന്നെ അന്വേഷണ റിപ്പോർട്ട് എതിരായാൽ രാജിവയ്ക്കുമെന്ന് ഡൊമിനിക് റാബ് ഉറപ്പു നൽകിയിരുന്നു. വാക്കുപാലിച്ച് രാജി വച്ചെങ്കിലും ഇത്തരം കണ്ടെത്തലുകളും ആരോപണങ്ങളും അനാവശ്യമായ കീഴ്്‌വഴക്കങ്ങളും ആരോഗ്യകരമല്ലാത്ത പ്രവണതകൾക്കും വഴിവയ്ക്കുമെന്ന് അന്വേഷണ റിപ്പോർട്ടിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
മുൻ മന്ത്രിസഭകളിലുൾപ്പെടെ അധികാരത്തിലിരുന്ന കാലഘട്ടങ്ങളിൽ ഡൊമിനിക് തന്റെ സഹപ്രവർത്തകരോട് പരുഷമായും മോശമായും അപമര്യാദയായും പെരുമാറിയിട്ടുണ്ടെന്ന് പല സിവിൽ സേർവന്റുമാരും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. മുതിർന്ന അഭിഭാഷകനായ ആഡം ടോളിയെയാണ് സർക്കാർ അന്വേഷണ കമ്മിഷനായി നിയോഗിച്ചത്. ആഴ്ചകൾ നീണ്ട അന്വേഷണത്തിൽ ഇതിൽ രണ്ട് പരാതികകൾ കഴമ്പുള്ളവയാണെന്ന് കണ്ടെത്തി. ഈ കണ്ടെത്തലാണ് ഡൊമിനിക്കിന്റെ രാജിയിലേക്ക് വഴിതെളിച്ചത്.
വളരെ സങ്കടത്തോടെയാണ് ഡൊമിനിക്കിന്റെ രാജി സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. കൺസർവേറ്റീവ് പാർട്ടിയിലെ മുതിർന്ന നേതാവായ ഡൊമിനിക് റാബ് ബോറിസ് മന്ത്രിസഭയിലും ഉപപ്രധാനമന്ത്രിയായിരുന്നു. കോവിഡ് കാലത്ത് പ്രധാനമന്ത്രി അസുഖബാധിതനായപ്പോൾ പ്രധാനമന്ത്രിയുടെ ചുമതലകൾ കൃത്യമായി നിർവഹിച്ച് പ്രശംസ പിടിച്ചുപറ്റിയ നേതാവാണ് ഡൊമിനിക്.
ffgj