തിരിച്ചടിച്ച് യുക്രെയ്ൻ: അഞ്ച് റഷ്യൻ വിമാനങ്ങൾ വെടിവെച്ചിട്ടു

വ്യോമാക്രമണം തുടങ്ങിയ റഷ്യയ്ക്ക് തിരിച്ചടിയുമായി യുക്രൈൻ. അഞ്ച് റഷ്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്നാണ് യുക്രൈന്‍റെ അവകാശവാദം. യുക്രൈന്‍റെ തലസ്ഥാനമായ കിയവിൽ ആറിടത്ത് സ്ഫോടനമുണ്ടായതിനു പിന്നാലെയാണ് തിരിച്ചടി. യുക്രൈനിലെ ഡൊനെറ്റ്സ്ക് മേഖലയിലെ ക്രമാറ്റോർസ്ക്, ഖാർകിവ്, ഒഡെസ, കിഴക്കൻ ഡൊനെറ്റ്സ്ക് എന്നിവിടങ്ങളിലും സ്ഫോടനം നടന്നതായി റിപ്പോർട്ടുണ്ട്.
‘മൂന്ന് ബോംബ് പൊട്ടുന്ന ശബ്ദം കേട്ടാണ് എണീറ്റത്... ഒന്നും പറയാനാവാത്ത അവസ്ഥ ..’’ യുക്രൈനിലെ ഇന്ത്യൻ വിദ്യാർഥികൾ പറയുന്നു. കിർകിവ് നഗരം പുകയിൽ മൂടിയെന്ന് മലയാളി വിദ്യാർഥികൾ പറഞ്ഞു. രണ്ട് മണിക്കൂർ മുമ്പ് വരെ സ്ഫോടന ശബ്ദം കേട്ടു. രേഖകളും വെള്ളവും മാത്രമെടുത്ത് താമസ സ്ഥലം ഒഴിയാൻ നിർദേശം ലഭിച്ചു. ബങ്കറുകളിലേക്ക് മാറാനാണ് നിർദേശം ലഭിച്ചതെന്നും വിദ്യാർഥികൾ പറയുന്നു. യുക്രൈനെതിരെ സൈനിക നടപടിക്ക് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടതോടെയാണ് യുദ്ധം തുടങ്ങിയത്. യുക്രൈനിലെ ഡോൺബാസ് മേഖലയിലേക്ക് കടക്കാനാണ് പുടിൻ ആദ്യം സൈന്യത്തിന് നിർദേശം നൽകിയത്. മേഖലയിൽ യുക്രൈന്‍റെ ആക്രമണമുണ്ടാകുന്നുവെന്നാണ് റഷ്യയുടെ ആരോപണം. അതിന് തടയിടാൻ സൈനിക നടപടി വേണമെന്നാണ് പുടിൻ വ്യക്തമാക്കിയത്. ലോകരാജ്യങ്ങൾ ഇടപെടരുതെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പുടിൻ മുന്നറിയിപ്പു നൽകി. ആയുധം താഴെവെക്കണമെന്നും പുടിൻ യുക്രൈനോട് ആവശ്യപ്പെട്ടു.
അതേസമയം, യുദ്ധനീക്കത്തിൽ നിന്ന് പിന്മാറണമെന്ന് യുഎന്‍ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. സാഹചര്യം കൂടുതൽ അപകടകരമായി മാറിയതിനാൽ യു.എൻ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ചേർന്നു.
ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് യുക്രൈനിലെ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഇന്നും അടുത്ത ദിവസങ്ങളിലുമായി ടിക്കറ്റ് എടുത്ത നിരവധി വിദ്യാർഥികളും ഇതോടെ നാട്ടിലേക്കെത്താനാവാതെ കുടുങ്ങിയിരിക്കുകയാണ്. അതേസമയം വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കുമെന്നും മേഖലയിലെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യൻ എംബസിയടക്കം അറിയിച്ചിട്ടുണ്ടെങ്കിലും വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.