യുക്രെയ്ൻ പ്രതിസന്ധി: റഷ്യൻ വാതകപൈപ്പ് ലൈൻ പദ്ധതി നിർത്തിവച്ച് ജർമ്മനി

നോർഡ് സ്ട്രീം 2 പൈപ്പ്‌ലൈൻ പദ്ധതി ജർമ്മനി നിർത്തിവച്ചു. കിഴക്കൻ യുക്രെയ്നിലെ റഷ്യൻ അനുകൂല വിമതരുടെ നിയന്ത്രണത്തിലുള്ള രണ്ട് പ്രവിശ്യകളെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി അംഗീകരിച്ചതിന് പിന്നാലെ വിവാദമായ
10 ബില്യൺ യൂറോയുടെ പദ്ധതിയാണ് ജർമ്മനി താൽക്കാലികമായി നിർത്തലാക്കിയത്.
റഷ്യയിൽനിന്നും പ്രകൃതിവാതക ഇറക്കുമതി ശേഷി ഇരട്ടിയാക്കുന്നതിനായാണ് നോർഡ് സ്ട്രീം 2 പൈപ്പ്ലൈൻ പദ്ധതിക്ക് തുടക്കമിട്ടത്. യുക്രെയ്നെ ആക്രമിച്ചാൽ വാതകപൈപ്പ് ലൈൻ കാണില്ലെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു.
യുക്രെയ്ൻ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ റഷ്യയ്ക്കെതിരെ നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.
എന്നാൽ അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും എതിർപ്പ് അവഗണിച്ചുകൊണ്ടാണ് ജർമ്മനി പദ്ധതിയുമായി മുന്നോട്ടുപോയത്. എന്നാൽ, കിഴക്കൻ യുക്രെയ്നിലെ വിഘടനവാദികളെ അംഗീകരിക്കാനുള്ള റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ തീരുമാനത്തിന് പിന്നാലെ ജർമ്മനി പദ്ധതി നിർത്തിവയ്ക്കാൻ തയാറാകുകയായിരുന്നു.