മാരകമായ സ്രാവ് ആക്രമണം; സിഡ്നിയിലെ ബീച്ചുകൾ അടച്ചു

സ്രാവിന്‍റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് സിഡ്‌നിയിലെ ഐക്കണിക് ബോണ്ടിയും ബ്രോണ്ടെയും ഉൾപ്പെടെയുള്ള ബീച്ചുകൾ അടച്ചു. കഴിഞ്ഞ 60 വർഷത്തിനിടെയുണ്ടായ ഏറ്റവും മാരകമായ സ്രാവ് ആക്രമണമാണിത്. സ്രാവുകളെ ചൂണ്ടയിടാൻ ഉപയോഗിക്കുന്ന ഡ്രം ലൈനുകൾ ആക്രമണ സ്ഥലത്തിന് സമീപം സ്ഥാപിച്ചിട്ടുണ്ട്. സ്രാവ് ഇപ്പോഴും പ്രദേശത്തുണ്ടോ എന്ന് അന്വേഷിക്കുന്നതിനായി ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്.
ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് സിഡ്നിയിലെ ലിറ്റിൽ ബേ ബീച്ചിൽ നീന്താനിറങ്ങിയ ആൾ സ്രാവ് ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. എന്നാൽ ഇയാൾ ആരാണെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇയാളെ സ്രാവ് ആക്രമിക്കുന്നത് നീന്താനെത്തിയ മറ്റുള്ളവർ കണ്ടിരുന്നു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹത്തിന്‍റെ ചില ഭാഗങ്ങൾ മാത്രമാണ് കണ്ടെത്തിയത്. യുവാവിനെ സ്രാവ് ആക്രമിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.