ഇസ്രയേലിന് വേണ്ടി പാലസ്തീനെ മാറ്റിനിർത്തില്ല ; പ്രണബ് മുഖർജി


പാലസ്തീനുമായുള്ള നയത്തിൽ ഒരു മാറ്റവും ഇന്ത്യ വരുത്തില്ലെന്ന് ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖർജി. ഇസ്രായലേയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ നയം മാറ്റുമെന്ന സൂചനകൾക്കിടിയിലാണ് ഇത്തരമൊരു പ്രസ്താവന വന്നിരിക്കുന്നത്. ജോര്‍ദാന്‍-പലസ്തീന്‍- ഇസ്രയേല്‍ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പാലസ്തീന്‍ സന്ദര്‍ശിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വതന്ത്ര്യ രാഷ്ട്രമെന്ന പലസ്തീന്റെ അവകാശവാദത്തെ ഇന്ത്യ പിന്താങ്ങുമെന്നും രാഷ്ട്രപതി പറഞ്ഞു.

ജോര്‍ദാനിലെ അബ്ദുളള രാജാവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പലസ്തീനിലെത്തിയ രാഷ്ട്രപതിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. തുടര്‍ന്ന് പലസ്തീന്‍ രാഷ്ട്രപതി മഹ്മൂദ് അബ്ബാസുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രണാബ് മുഖര്‍ജി ഇന്ത്യയുടെ നിലപാട് വീണ്ടും വ്യക്തമാക്കിയത്. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുളള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണക്കുമെന്ന് നേരത്തെ ജോര്‍ദാനിലെ അബ്ദുളള രണ്ടാമന്‍ രാജാവ് വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ സാമ്പത്തികവും, രാഷ്ട്രീയവുമായ പിന്തുണ പലസ്തീനുണ്ടാകും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ അഞ്ചുമില്യണ്‍ യുഎസ് ഡോളറിന്റെ സഹായധനം ഇന്ത്യ കൈമാറുകയും ചെയ്തു. ഇതുകൂടാതെ 12 മില്യണ്‍ യുഎസ് ഡോളറിന്റെ ടെക്‌നോ പാര്‍ക്ക് ഉള്‍പ്പെടെയുളള അഞ്ചു പ്രൊജക്റ്റുകള്‍ക്ക് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയാവുകയും ചെയ്തു. ഇന്ന് ജെറുസലേമിലെ അല്‍-കുദ്‌സ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിസംഭോധന ചെയ്യും. ആറുദിവസത്തെ വിദേശ പര്യടനത്തില്‍ അവസാനമാകും രാഷ്ട്രപതി ഇസ്രയേല്‍ സന്ദര്‍ശിക്കുക.

You might also like

  • Straight Forward

Most Viewed