ആട് ആന്റണിക്ക് ഭാര്യമാർ ഇരുപത്!!

പല രൂപത്തിൽ, പല പേരിൽ, പല നാടുകളിൽ ആന്റണി ആടിനെപ്പോലെ മേഞ്ഞു നടക്കും. മോഷണങ്ങളിലൂടെ വികസിക്കുന്ന ആന്റണിയുടെ ‘ആടുജീവിത’ത്തിന്റെ കഥ വിസ്‌തൃതമായ ദാമ്പത്യ ബന്ധങ്ങളുടെയും കഥയാണ്. ഇരുപതോളം ഭാര്യമാരുള്ള ആട് ആന്റണിയുടെ കഥ .
കോടമ്പാക്കത്ത് സിനിമാ മോഹങ്ങളുമായി എത്തിയ സുന്ദരി മുതൽ കെട്ടുപ്രായം കഴിഞ്ഞ സെയിൽസ് ഗേൾ വരെ. പൊലീസുകാരനെ കുത്തി ക്കൊലപ്പെടുത്തി കടന്ന ആട് ആന്റണി എന്ന ആന്റണിയുടെ (49) ഭാര്യാശേഖരം കണ്ടു പൊലീസ് അന്തംവിട്ടിട്ടുണ്ട്. ആന്റണിയെ തേടിപ്പോയ അന്വേഷണ സംഘത്തിന് ഇതേവരെ കണ്ടെത്താനായത് ഇരുപതോളം ഭാര്യമാരെയാണ്. സ്‌ത്രീകളെ വലയിൽ വീഴ്‌ത്താൻ ബിസിനസുകാരനായും കംപ്യൂട്ടർ പ്രഫഷനലായും വേഷമിട്ട ആട് ആന്റണി ജാതിയും മതവും മാറ്റി നവവരനാകുന്നതിലും വിരുതനാണ്. കബളിപ്പിക്കപ്പെട്ടെന്നു ഭാര്യമാർ തിരിച്ചറിയുമ്പോഴേക്കും തിരിച്ചു പോകാനാകാത്ത സിസ്സഹായാവസ്‌ഥയിൽ അവർ എത്തിക്കഴിഞ്ഞിരുന്നു.
ആന്റണിക്കു കവർച്ച ഹരമാണെങ്കിൽ സ്‌ത്രീ എക്കാലത്തെയും ദൗർബല്യമാണ്. ഒളിത്താവളങ്ങളിൽ സ്‌ത്രീസ്‌പർശം ഏൽക്കാത്ത സ്‌ഥലങ്ങൾ ഇല്ലെന്ന് അന്വേഷണസംഘം സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലും ചെന്നൈയിലും മുംബൈയിലും വിശാഖപട്ടണത്തുമൊക്ക ഒളിത്താവളങ്ങളിൽ ഭാര്യമാർ കൂടെയുണ്ടായിരുന്നു. പൊലീസ് ഡ്രൈവർ മണിയൻ പിള്ളയെ കൊലപ്പെടുത്തി കേരളം വിടുമ്പോഴും സന്തതസഹചാരി സൂസനെ ഒപ്പം കൂട്ടിയിരുന്നു.
സ്‌ത്രീകളെ വശീകരിക്കാനും സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കാനുമുള്ള ഉപാധികൂടിയായിരുന്നു ഓരോ കവർച്ചയും. ഒന്നിലധികം സ്‌ത്രീകളെ ഒരേ സമയം വീട്ടിൽ പാർപ്പിക്കുക ആന്റണിക്കു ശീലമാണ്. 2002ൽ അന്നത്തെ കൊല്ലം ഈസ്‌റ്റ് സിഐ ടി. എഫ്. സേവ്യറും സംഘവും കോഴിക്കോട് എരഞ്ഞിപ്പാലത്തെ വാടകവീട്ടിൽ നിന്ന് ആന്റണിയെ പൊക്കുമ്പോൾ ഇയാൾ മൂന്നാമത്തെ വിവാഹത്തിനു കല്ല്യാണക്കുറി അടിച്ചു മണവാളനായി കാത്തിരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു ഭാര്യമാരിൽ ഒരാൾ ഗർഭിണി. ജയിൽ മോചിതനായ ശേഷവും പഴയ ശീലങ്ങൾ ആന്റണി മറന്നില്ല. പത്തു വർഷത്തിനുശേഷം ഇയാളെ തേടി ഉള്ളൂരിലെ വീട്ടിൽ പൊലീസ് എത്തിയപ്പോൾ അവിടെയുമുണ്ടായിരുന്നു രണ്ടു ഭാര്യമാർ. അതിലൊരാളും ഗർഭിണി!
തൃശൂർ കൊരട്ടി സ്വദേശിനി സോജയാണ് ഇയാളുടെ ‘ഔദ്യോഗിക’ ഭാര്യ. കൊല്ലം നഗരത്തിലെ കോട്ടയ്‌ക്കകം വാർഡിലെ വാടകവീട്ടിൽ അമ്മയ്‌ക്കൊപ്പം ആന്റണി താമസിക്കുമ്പോഴായിരുന്നു വിവാഹം. വിവാഹ പരസ്യത്തിലൂടെയാണു സോജയെ പരിചയപ്പെട്ടത്. നാട്ടിൽ ഇലക്‌ട്രോണിക്‌സ് ഉപകരണ വിദഗ്‌ധനെന്നും ബന്ധുക്കൾ ഗൾഫിലാണെന്നും പെണ്ണിന്റെ വീട്ടുകാരെ ധരിപ്പിച്ചു. തൃശൂരിൽ നടന്ന വിവാഹത്തിനുമുണ്ടായിരുന്നു പ്രത്യേകതകൾ. ബന്ധുക്കളെന്ന പേരിൽ കൊല്ലത്തു നിന്നു കല്ല്യാണത്തിനെത്തിയതു കോട്ടയ്‌ക്കകം വാർഡിനു സമീപം കെട്ടിട നിർമാണത്തിനു തമ്പടിച്ചിരുന്ന പാറശാല സ്വദേശികൾ. മദ്യവും രണ്ടു ദിവസത്തെ പണിക്കൂലിയുമായിരുന്നു പ്രതിഫലം. കുണ്ടറ കുമ്പളത്തെ ബന്ധുക്കളെയോ നാട്ടുകാരെയോ അറിയിക്കാതെ അങ്ങനെ ആദ്യവിവാഹം തട്ടിക്കൂട്ടി. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്.
കൊല്ലത്തു നിന്നു കോഴിക്കോട്ടേക്ക് ആന്റണി താവളം മാറ്റി അധികം വൈകാതെ ഭാര്യമാർ രണ്ടായി. 2002ൽ ഇയാൾ പൊലീസ് പിടിയിലായതോടെ സോജ നിയമപരമായി ബന്ധം വേർപെടുത്തി. ആന്റണിയുടെ മക്കൾ അമ്മയ്‌ക്കൊപ്പം കഴിയുന്നു. മക്കളെ തേടി ആന്റണി പിന്നീടൊരിക്കലും ആ വഴി ചെന്നിട്ടില്ല.
കോടമ്പാക്കത്ത് എത്തിയ പാലക്കാട് മലമ്പുഴ സ്വദേശിനി മായ എന്ന ബിന്ദു ആയിരുന്നു ആട് ആന്റണിയുടെ രണ്ടാമത്തെ ഇര. മോഷണ മുതൽ വിറ്റു കിട്ടുന്ന സമ്പാദ്യം കൊണ്ടു സീരിയൽ നിർമാണവും അഭിനയവും ഇയാൾ ലക്ഷ്യമിട്ടിരുന്നു. ചെന്നൈയിൽ കുറച്ചുകാലം ഒരുമിച്ചു കഴിഞ്ഞു. പിന്നീട് കോഴിക്കോട്ടെ വാടകവീട്ടിൽ എത്തി സോജയെ കണ്ടപ്പോഴാണ് ആന്റണി വിവാഹിതനാണെന്ന് ബിന്ദു അറിഞ്ഞത്. ഭാര്യമാരെ പരസ്‌പരധാരണയിൽ എത്തിച്ച് ആന്റണി പ്രശ്‌നം പരിഹരിച്ചു. അതു പക്ഷേ നീണ്ടില്ല. സോജ ബന്ധം വേർപെടുത്തി. ബിന്ദു ആറു മാസം ഗർഭിണിയായിരിക്കെ ആന്റണി കൊല്ലം പൊലീസിന്റെ പിടിയിലായി.
കഴിഞ്ഞ മാസം ബിന്ദുവിനെ തേടി കൊല്ലം പൊലീസ് പാലക്കാട്ട് എത്തിയെങ്കിലും പഴയ ജീവിതത്തെക്കുറിച്ച് ഓർക്കാൻ ബിന്ദു ഇപ്പോൾ ഇഷ്‌ടപ്പെടുന്നില്ല. ബിന്ദുവിനെയോ കുട്ടിയെയോ തിരക്കി പിന്നീടൊരിക്കലും ആന്റണി പോയില്ല. അയാൾക്ക് ഓരോ സ്‌ത്രീയും സുഖഭോഗങ്ങൾക്കു വേണ്ടിയുള്ള ജന്മങ്ങൾ മാത്രമായിരുന്നു.
വിവാഹ പരസ്യങ്ങളിലെ പുനർവിവാഹ കോളത്തിലാണ് ആട് ആന്റണി കല്യാണരാമനായി സ്‌ഥിരം പ്രത്യക്ഷപ്പെട്ടിരുന്നത്. രണ്ടു മൊബൈൽ ഫോൺ നമ്പരുകൾ ഇതോടൊപ്പം നൽകും. അടുത്ത പരസ്യത്തിൽ പുതിയ നമ്പർ സ്‌ഥാനം പിടിക്കും. 2009 ജൂൺ ഏഴിനു നൽകിയ പുനർവിവാഹ പരസ്യത്തിൽ കണ്ണമ്മൂല സ്വദേശി രാജേഷ് എന്ന ഹൈന്ദവ യുവാവായി മാറിയ ആന്റണി 2010 മേയ് ഒന്നിലെ പരസ്യത്തിൽ പെന്തക്കോസ്‌ത് വിശ്വാസിയായി അവതരിച്ചു. മുംബൈയിൽ സ്‌ഥിര താമസമാക്കിയ ബിസിനസുകാരനായ മലയാളി, ചെന്നൈയിൽ കംപ്യൂട്ടർ എൻജിനീയർ തുടങ്ങിയ പ്രലോഭനങ്ങൾ ഇനിയുമുണ്ട്.
പരസ്യത്തിൽ പേരും സമുദായവും തൊഴിലുമൊക്കെ മാറിയാലും മാറാത്ത ഒന്നുണ്ട്: പ്രായം. അത് സ്‌ഥിരമായി 43 തന്നെ. പെണ്ണു കാണാനെത്തുമ്പോൾ ആന്റണി വധുവിന്റെ വീട്ടുകാരോട് അങ്ങേയറ്റം മര്യാദയോടെ പെരുമാറുന്നയാളാണ്. ആദ്യ ഭാര്യ മരിച്ചുപോയെന്നും നാട്ടിൽ അധികം ബന്ധുക്കളില്ലെന്നും വിശദീകരിക്കും. വിവാഹം ആർഭാടം കൂടാതെ വേണമെന്നതാണു മറ്റൊരു ആവശ്യം. ‘നന്മ നിറഞ്ഞ’ ആന്റണിയെ ആരും സംശയിക്കില്ല.
ആന്റണിയുടെ തട്ടിപ്പിന് ഇരയായി ജയിലിൽ കഴിയുന്ന കൊല്ലം കാവനാട് സ്വദേശിനി ഗിരിജയുടെ ദുർവിധി യുവതികളുടെ കണ്ണു തുറപ്പിക്കണം. നിർധന കുടുംബത്തിൽപ്പെട്ട ഗിരിജ ആന്റണിയുടെ വിവാഹപരസ്യം കണ്ട് അങ്ങോട്ടു വിളിച്ചു കുരുക്കിൽപ്പെടുകയായിരുന്നു. പിതാവു മരിച്ച ഗിരിജ കുടുംബം പോറ്റാൻ തെക്കൻ കേരളത്തിലും എറണാകുളത്തും കടകളിൽ സെയിൽസ് ഗേളായി. വിവാഹം മരീചികയാണെന്നു തോന്നിയ ദുർബല മുഹൂർത്തത്തിൽ ആന്റണിയെ രക്ഷാപുരുഷനായി കണ്ടതാണ് അബദ്ധമായത്. പെരുമ്പാവൂർ സ്വദേശിനികളായ സൂസനും മകൾ ശ്രീകലയും ഒരേ സമയം ഇയാളുടെ ഭാര്യമാരായി ഉള്ളപ്പോഴാണു ഗിരിജയുടെ വിളി.
സൂസൻ അമ്മയുടെയും ആന്റണി അനുസരണയുള്ള മകന്റെയും വേഷത്തിൽ മുളങ്കാടകത്തെ ഗിരിജയുടെ വീട്ടിൽ പെണ്ണുകാണാനെത്തി. മൂന്നു മാസം മുൻപായിരുന്നു വിവാഹം. ഉള്ളൂരിലെ വാടകവീട്ടിൽ താമസം തുടങ്ങിയ ഗിരിജ തട്ടിപ്പു തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി. കഴിഞ്ഞ മാസം ഇവിടെ റെയ്‌ഡ് നടത്തിയ പൊലീസ് ശ്രീകലയ്‌ക്കൊപ്പം ഗിരിജയെയും കസ്‌റ്റഡിയിലെടുത്തു. രണ്ടാഴ്‌ച പൊലീസ് നിരീക്ഷണത്തിലായിരുന്ന ഗിരിജയെ 23നു ശ്രീകലയ്‌ക്കൊപ്പം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പൊലീസുകാരന്റെ കൊലപാതകം കഴിഞ്ഞെത്തിയ ആന്റണിയുടെ ഷർട്ട് കഴുകി കൊടുത്തു, മോഷണത്തിനു കൂട്ടു നിന്നു തുടങ്ങിയ കുറ്റങ്ങളാണു പൊലീസ് ചുമത്തിയത്.
തിരുവല്ലക്കാരി കൊച്ചുമോൾ പക്ഷേ, വിട്ടുവീഴ്‌ചയ്‌ക്കു തയാറായില്ല. മുംബൈയിലെ ചേരി പ്രദേശമായ സാക്കിനാക്കയിൽ ഹോംനഴ്‌സായ കൊച്ചുമോൾ പെന്തക്കോസ്‌ത് വിശ്വാസിയാണ്. മുംബൈയിൽ സ്‌ഥിരതാമസക്കാരനായ രാജേഷ് എന്ന ഈഴവ യുവാവെന്ന പേരിൽ ആന്റണി നൽകിയ പരസ്യം കണ്ടാണു പെട്ടുപോയത്. 2010ൽ തിരുവല്ലയിൽ ആന്റണിയും കൊച്ചുമോളും വിവാഹിതരായി. 25,000 രൂപയായിരുന്നു സ്‌ത്രീധനം. തിരുവല്ലയിൽ ഇയാൾക്കൊപ്പം തങ്ങുന്നതിനിടെ കൊച്ചുമോൾക്കു പന്തികേടു തോന്നി. കുഴിത്തുറ സ്വദേശിയായ യുവതി മൊബൈലിൽ വിളിച്ച് ആട് ആന്റണി തന്റെ ഭർത്താവാണെന്നു കൊച്ചുമോളെ അറിയിച്ചു. ഇതേച്ചൊല്ലി ദമ്പതികൾ വഴക്കിട്ടെങ്കിലും ആന്റണി തലയൂരി. പിന്നീടു മുംബൈയിലേക്കു മടങ്ങിയ കൊച്ചുമോളെ കാണാൻ സാക്കിനാക്കയിലെ താമസ സ്‌ഥലത്ത് ആന്റണി പല തവണയെത്തി; കേരളത്തിൽ നിന്നു മോഷ്‌ടിച്ച സാധനങ്ങളുമായി. ഇതിനിടെ, കോട്ടയം പൊലീസ് പുറപ്പെടുവിച്ച ആന്റണിയുടെ തിരച്ചിൽ നോട്ടീസ് കണ്ട കൊച്ചുമോൾ ഇയാളുമായുള്ള ബന്ധം ഒഴിയാൻ തീരുമാനിച്ചു. പക്ഷേ, അടൂർ കുടുംബ കോടതിയിൽ കൊച്ചുമോൾ നൽകിയ വിവാഹമോചന കേസിൽ ആട് ആന്റണി ഒരു തവണ പോലും ഹാജരായില്ല.
ആന്റണിയുമായി പാലാ കിടങ്ങൂർ സ്വദേശിനി സോജയുടേതു പുനർവിവാഹമായിരുന്നു. 2010ൽ വിവാഹത്തിനു ശേഷം അഡയാറിൽ താമസമായി. ആന്റണി കള്ളനാണെന്ന് അറിഞ്ഞുതന്നെയായിരുന്നു സോജ ഇവിടെ താമസിച്ചത്. ആന്റണി ഒരുക്കിയ ആഡംബരങ്ങളിൽ സുഖം കണ്ടെത്തിയ സോജ ഇയാൾക്കു മറ്റു സ്‌ത്രീകളുമായി ബന്ധമുണ്ടെന്നു മനസ്സിലാക്കിയതോടെ സ്‌ഥലം വിട്ടു. ആന്റണി ഇല്ലാത്ത സമയത്ത് അഞ്ചു ലക്ഷത്തിന്റെ ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ് സാധനങ്ങളുമായാണു മുങ്ങിയത്. ഇവയെല്ലാം ആന്റണി മോഷ്‌ടിച്ച സാധനങ്ങളായിരുന്നു. ആന്റണിയുടെ ഭാര്യമാരെ തിരഞ്ഞു പോയ പൊലീസ് സോജയെ അറസ്‌റ്റ് ചെയ്‌തു.
ആന്റണിയെ തിരയുന്നതിനൊപ്പം ഭാര്യമാരെക്കുറിച്ചും അന്വേഷണം നടത്തേണ്ട ഗതികേടിലായിരുന്നു പൊലീസ്. ഭാര്യമാരെ ഒന്നൊന്നായി കണ്ടെത്തി ആന്റണിയെപ്പറ്റി വിവരങ്ങൾ ശേഖരിക്കുന്നതിനു സ്‌ക്വാഡുകൾ രൂപീകരിച്ചു. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളിൽ ഇയാൾ താമസിച്ചിരുന്ന ഒളിത്താവളങ്ങൾ തിരിച്ചറിയാൻ ഭാര്യമാരുടെ മൊഴികൾ സഹായകമായി. സോജ (തൃശൂർ), ഷൈല (വയനാട്), ബിന്ദുവെന്ന മായ (പാലക്കാട്), സ്‌മിത (ചേർപ്പ്), എയ്‌ഞ്ചൽ മേരി (പ്രക്കാനം), സൂസൻ (എറണാകുളം), ശ്രീകല (എറണാകുളം), വിജി (കോഴിക്കോട്), സോജ (കോട്ടയം), കൊച്ചുമോൾ (മുംബൈ), ഗിരിജ (കൊല്ലം), കുഴിത്തുറ സ്വദേശി കുമാരി എന്നിവർ ഭാര്യമാരുടെ പട്ടികയിൽപ്പെടുന്നു. ആറുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ദിവസംതോറും പുതിയ ഭാര്യമാർ അവതരിക്കുന്നതു പൊലീസിനു തലവേദന സൃഷ്‌ടിക്കുന്നു.
ഇതിനിടെ സ്‌ത്രീകളെ ഉപയോഗിച്ച് ആന്റണിയെ കുടുക്കാൻ പൊലീസ് ആവിഷ്‌കരിച്ച തന്ത്രം പാളിയിരുന്നു. അന്വേഷണത്തിന്റെ ആദ്യനാളുകളിൽ ഭാര്യമാരുടെ മൊബൈലുകളിൽ ആന്റണി വിളിച്ചേക്കുമെന്ന കണക്കുകൂട്ടലിൽ സൈബർസെൽ കാത്തിരുന്നു. തമിഴ്‌നാട്ടിൽ എത്തിയ ക്രൈം സ്‌ക്വാഡുകൾ ഏതു നിമിഷവും റെയ്‌ഡിനു സജ്‌ജമായി. പക്ഷേ, ഭാര്യമാരെ തേടി ആന്റണിയുടെ വിളി വന്നില്ല. ഭാര്യമാരുടെ കണക്കെടുപ്പിനൊപ്പം ആന്റണിയുടെ മക്കളുടെ ‘തലയെണ്ണലും’ പൊലീസ് നടത്തി. ആണും പെണ്ണുമായി ഇതുവരെ കണ്ടെത്തിയത് ഏഴുപേരെ. ശ്രീകലയിൽ പിറക്കാനിരിക്കുന്ന കുട്ടി ഇതിൽപ്പെടുന്നില്ല. അന്വേഷണം മുറുകുംതോറും എണ്ണം കൂടിയേക്കുമെന്നു പൊലീസ് മുന്നറിയിപ്പ്. ഇവർക്കു പിതാവിന്റെ പരിലാളനകൾ ഏൽക്കാൻ ഒരിക്കലും ഭാഗ്യമുണ്ടായിട്ടില്ല. മക്കൾക്ക് ഓർമ ഉറയ്‌ക്കുമ്പോഴേക്കും പിതാവ് മറ്റെവിടെയെങ്കിലും ചേക്കേറിയിരിക്കും.
സൂസമ്മ, സൂസി എന്നീ പേരുകളിലും അറിയപ്പെടുന്ന സൂസൻ (53) ആണ് ആന്റണിയുടെ ഭാര്യമാരിൽ വമ്പത്തി. ഇയാളുടെ വിശ്വാസം പിടിച്ചുപറ്റാൻ കഴിഞ്ഞ സൂസൻ ഒരു തരത്തിൽ ആന്റണിയുടെ പഴ്‌സനൽ അസിസ്‌റ്റന്റ് കൂടിയാണ്. ആന്റണിയുടെ തട്ടിപ്പുകളിലും കവർച്ചകളിലും സൂസനുള്ള പങ്ക് അന്വേഷണത്തിൽ വ്യക്‌തമായിട്ടുണ്ട്. ആടിന്റെ ഭാര്യ, അമ്മായിയമ്മ, അമ്മ വേഷങ്ങളിൽ സൂസൻ ഒരേ സമയം തിളങ്ങി. ആന്റണിക്കൊപ്പം ആദ്യം ഭാര്യയായി കൂടിയ സൂസൻ വൈകാതെ മകൾ ശ്രീകലയെ ഇയാൾക്കു വിവാഹം കഴിച്ചുകൊടുത്ത് അമ്മായിയമ്മ പട്ടവുമണിഞ്ഞു. ഗിരിജയെ പെണ്ണുകാണാൻ ആന്റണി കൊല്ലത്ത് എത്തിയപ്പോൾ ‘ചെറുക്കന്റെ’ അമ്മയുടെ വേഷത്തിലായിരുന്നു സൂസൻ. വാടകവീടുകളിലെ പരിസരവാസികൾക്കു സൂസൻ ആന്റി ആന്റണിയുടെ അമ്മയായിരുന്നു!
പെരുമ്പാവൂർ സ്വദേശിനിയായ സൂസനും ആട് ആന്റണിയും തൃശൂരിലെ ഒരു ധ്യാനകേന്ദ്രത്തിൽ 2008ലാണു പരിചയപ്പെട്ടത്. സമാനമനസ്സുകളുടെ സംഗമമായിരുന്നു അത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു ശിക്ഷ കഴിഞ്ഞിറങ്ങിയ ആന്റണിയും ആദ്യ ഭർത്താവ് ഉപേക്ഷിച്ച സൂസനും അടുപ്പക്കാരാകാൻ അധിക സമയമെടുത്തില്ല. ആന്റണിയേക്കാൾ നാലു വയസ്സ് കൂടുതലുള്ള സൂസനെ ഇയാൾ ഭാര്യയായി കൊണ്ടുനടക്കാൻ തുടങ്ങി. സൂസന്റെ ഏക മകൾ ശ്രീകല അന്നു പിതാവിനൊപ്പമായിരുന്നു താമസം. ആന്റണിയുടെ കവർച്ചയ്‌ക്കു മാത്രമല്ല സ്‌ത്രീകളെ കബളിപ്പിച്ചു വിവാഹം കഴിക്കുന്നതിനും സൂസന്റെ പൂർണ പിന്തുണ ഉണ്ടായിരുന്നു.
പകരമായി സ്വർണവും പണവും ആഡംബര ജീവിതവും സൂസനു ലഭിച്ചു. വൈകാതെ സ്വന്തം മകളുടെ ജീവിതം വെള്ളിത്തളികയിൽ ആന്റണിക്കു സമർപ്പിക്കാനും അവർ മടിച്ചില്ല. പിതാവ് കണ്ണനൊപ്പം കഴിഞ്ഞിരുന്ന ശ്രീകലയെ (26) വിവാഹത്തിനു പ്രേരിപ്പിച്ച് ഒപ്പം കൊണ്ടുവന്നു. ആന്റണിയുമായുള്ള വിവാഹത്തെ എതിർത്ത പിതാവുമായി ശ്രീകല വഴക്കിട്ട് അമ്മയ്‌ക്കൊപ്പം പോവുകയായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു വിവാഹം. ചെന്നൈയിലും തിരുവനന്തപുരത്തും ആന്റണിക്കും സൂസനുമൊപ്പം താമസിച്ച ശ്രീകല അമ്മയുടെയും ഭർത്താവിന്റെയും വഴിവിട്ട ജീവിതത്തെ എതിർക്കാൻ ശ്രമിക്കാതെ അതിൽ പങ്കാളിയായി.
കൊല്ലത്തു ഗിരിജയെ പെണ്ണുകാണാൻ ആന്റണി വന്നപ്പോൾ ആറു മാസം ഗർഭിണിയായ ശ്രീകല ഇയാളുടെ സഹോദരി എന്ന വ്യാജേന കൂടെ ഉണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ഒരു വിവാഹം കൂടി വേണമെന്നായിരുന്നു ആന്റണി ഭാര്യയ്‌ക്കു നൽകിയ വിശദീകരണം. ഒരു വീട്ടിൽ ഒരേ സമയം ഒരാളുടെ ഭാര്യയായി അമ്മയും മകളും കഴിഞ്ഞതിനെപ്പറ്റി ശ്രീകല പൊലീസിനു വിശദമായ മൊഴി നൽകി.
ആന്റണിയുടെ പഴ്‌സിന്റെ പിടിവള്ളിയും സൂസനായിരുന്നു. ഇയാൾക്കു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലടക്കം സൂസന്റെ പങ്കാളിത്തം തിരുവനന്തപുരത്തെ ബാങ്കിൽ അക്കൗണ്ട് തുറക്കാൻ ഇരുവരും എത്തിയ സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്‌തമായിരുന്നു. ചെന്നൈയിലെ താമസ സ്‌ഥലത്തു നിന്നു തിരുവനന്തപുരത്തേക്ക് ഇവർ താമസം മാറ്റിയതു തെക്കൻ കേരളത്തിൽ കവർച്ച നടത്താനുള്ള സൗകര്യം കണക്കിലെടുത്താണ്. ആന്റണിയുടെ ഓരോ കവർച്ചകളെപ്പറ്റിയും സൂസനു വ്യക്‌തമായ ധാരണയുണ്ടെന്നു പൊലീസ് പറയുന്നു. ജൂൺ 26നു പുലർച്ചെ പാരിപ്പള്ളിയിൽ പൊലീസ് ഡ്രൈവർ മണിയൻ പിള്ളയെ കൊലപ്പെടുത്തിയ ആന്റണി രണ്ടു ദിവസം കഴിഞ്ഞു കേരളം വിട്ടതു സൂസനുമായാണ്.