‘ആടി’നെ തേടി ഡിജിപിയും ഇട്ടു, ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ്

കൊല്ലം: കേരള പൊലീസിനെ വട്ടംചുറ്റിച്ച് ഒളിവിൽ കഴിയുന്ന കുറ്റവാളി ആട് ആന്റണിയെപ്പറ്റി സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാറും തന്റെ ഔദ്യോഗിക ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയതടക്കം 150 ക്രിമിനൽ കേസുകളിൽ പ്രതിയായ ആടിനെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടി ഔദ്യോഗിക ഫെയ്സ് ബുക്ക് പേജായ State police chief keralaയിൽ ഇട്ട പോസ്റ്റിനു സമൂഹമാധ്യമങ്ങളെ പിന്തുടരുന്നവരുടെ ശ്രദ്ധ മണിക്കൂറുകൾക്കകം നേടാനുമായി.
കേരള പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ ഇനിയും കണ്ടുകിട്ടാനുള്ള പ്രധാനപ്പെട്ട പ്രതികളാണു സുകുമാരക്കുറുപ്പ്, പുട്ടുകുഞ്ഞുമോൻ, ആട് ആന്റണി എന്നിവരെന്ന മുഖവുരയോടെയാണു ഡിജിപി ടി.പി. സെൻകുമാർ വിവരണം തുടങ്ങുന്നത്. എന്നാൽ തുടർന്നുള്ള വിശദീകരണം ആന്റണിയെക്കുറിച്ചു മാത്രമായിരുന്നു. ഇതു തന്നെ ആടിന്റെ കുപ്രസിദ്ധിക്ക് ഉദാഹരണം. ആന്റണിയുടെ ഒൻപതു വ്യത്യസ്ത മുഖഭാവങ്ങളിലുള്ള ഫോട്ടോകൾ ഉൾപ്പെട്ട തിരച്ചിൽ നോട്ടിസും ഡിജിപി ഫെയ്സ്ബുക്കിൽ നൽകി. എന്തെങ്കിലും വിവരം ലഭിക്കുന്നവർക്കു ബന്ധപ്പെടാൻ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ, ചാത്തന്നൂർ എസിപി, എസ്ഐ എന്നിവരുടെ മൊബൈൽ ഫോൺ നമ്പരുകളും ചേർത്തു.
മോഷണം, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയായ ആട് ആന്റണി 2008 ലാണ് ജയിൽമോചിതനാവുന്നത്. മോഷണശ്രമത്തിനിടെ 2012 ജൂൺ 25നു രാത്രി പാരിപ്പള്ളി സ്റ്റേഷനിലെ പൊലീസ് ഡ്രൈവർ മണിയൻ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കടന്നു. 14 ഡിവൈഎസ്പിമാർ ഉൾപ്പെടെ 15 ഓഫിസർമാരുടെ കീഴിൽ പ്രത്യേക അന്വേഷണ സംഘം (എസ്എടി) തിരച്ചിലിനു നേതൃത്വം നൽകി. ആന്റണിക്കു വേണ്ടി അടുത്ത കാലത്ത് അന്വേഷണ സംഘം നേപ്പാളിലും എത്തുകയുണ്ടായി. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപയുടെ പാരിതോഷികവും പ്രഖ്യാപിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായെന്ന വാർത്തയെത്തുന്നതും.