ഇന്ന് ലോക മനുഷ്യാവകാശ ദിനം


ഇന്ന് ലോക മനുഷ്യാവകാശ ദിനം. ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മറ്റൊരു മനുഷ്യാവകാശ ദിനം കൂടി കടന്നുപോകുകയാണ്. ജനാധിപത്യ രാജ്യങ്ങളില്‍ അടിസ്ഥാനപരമായി മനുഷ്യാവകാശം സംരക്ഷിക്കുന്നത് ഭരണഘടനപരമായ ബാധ്യതയാണ്. സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും ജീവിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും ജന്മാവകാശമാണ്. ‘മെച്ചപ്പെട്ട നിലയില്‍ തിരിച്ചുവരിക, മനുഷ്യാവകാശങ്ങള്‍ക്കായി നിലകൊള്ളുക’ എന്നതാണ് ഈ വര്‍ഷത്തെ മനുഷ്യാവകാശ ദിന സന്ദേശം.

മനുഷ്യാവകാശത്തെ കേന്ദ്ര ബിന്ദുവാക്കി വേണം കൊവിഡാനന്തര ലോകം സൃഷ്ടിക്കാന്നും എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ലഭ്യമാക്കുക വഴി മാത്രമേ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ആഗോള ലക്ഷ്യങ്ങള്‍ കൈവരിക്കാനാകൂ എന്നും യുഎന്‍ഒ പറയുന്നു.

1948ലെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തെ പിന്‍പറ്റിയാണ് ലോക മനുഷ്യാവകാശ ദിനം ആചരിച്ചുവരുന്നത്. വംശീയത, വര്‍ഗീയത, തീവ്ര ദേശീയത, അസമത്വങ്ങള്‍, തുടങ്ങി കാലാവസ്ഥ വ്യതിയാനം വരെ അന്തസോടെ ജീവിക്കാനുള്ള മനുഷ്യന്റെ അടിസ്ഥാന അവകാശത്തെയാണ് കവര്‍ന്നെടുക്കുന്നത്. അതിനാല്‍ ജന്മസിദ്ധമായ അവകാശങ്ങള്‍ നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ ദിനത്തില്‍ ചെയ്യേണ്ടത്.

കൊവിഡ് വ്യാപനത്തിന്റെ കാലത്ത് തുറന്നുകാട്ടപ്പെട്ട വീഴ്ചകള്‍ പരിഹരിച്ച് ലോകത്ത് ആകമാനം നിലനില്‍ക്കുന്ന തുല്യതാ നിഷേധം, തിരസ്‌കരണം, വിവേചനം എന്നിവയെ ഉയര്‍ന്ന മനുഷ്യാവകാശ സംരക്ഷണത്തിലൂടെ മറികടക്കാനാകണം ലോകത്തിന്റെ ശ്രമം. നമ്മള്‍ ആഗ്രഹിക്കുന്ന ലോകം സൃഷ്ടിക്കുന്നതില്‍ മനുഷ്യാവകാശത്തിന്റെ പ്രധാന്യം, ആഗോള ഐക്യദാര്‍ഢ്യം, പങ്കുവയ്ക്കപ്പെടേണ്ടതിന്റെ ആവശ്യകത എന്നിവ യുഎന്‍ഒ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നു.

You might also like

Most Viewed