മറ്റ് രാജ്യങ്ങള്‍ തങ്ങൾക്കെതിരെ നടപ്പിലാക്കിയ ഉപരോധങ്ങൾക്ക് ശക്തമായ മറുപടിയുമായി ചൈന

ബീജിംഗ്: വിവിധ രാജ്യങ്ങളുടെ ഉപരോധത്തിന് മറുപടിയുമായി ചൈന. കൊറോണ വ്യാപനം നടത്തിയെന്നാരോപിച്ച് ചൈനയ്‌ക്കെതിരെ വ്യാപാര നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെയാണ് ചൈനയും നടപടി എടുക്കുന്നത്. കയറ്റുമതി രംഗത്താണ് ചൈന നിയന്ത്രണം കൊണ്ടുവരുന്നത്. വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ചൈനയുടെ തീരുമാനം. ചൈനയില്‍ നിര്‍മ്മിച്ച് പുറത്തേക്ക് കയറ്റുമതി ചെയ്തുകൊണ്ടിരുന്ന വസ്തുക്കളുടെ കാര്യത്തിലാണ് പുതിയ നിയമം ബാധകമാക്കുന്നത്. കയറ്റുമതി മേഖലയില്‍ നിയമം അപ്പാടെ ഉടച്ചുവാര്‍ക്കലാണ് ഉദ്ദേശിക്കുന്നത്.
ബീജിംഗ് ഭരണകൂടം 2017ല്‍ രൂപീകരിച്ച കയറ്റുമതി നിയമം കഴിഞ്ഞ ഒക്ടോബറിലാണ് നിലവില്‍ വന്നത്. അമേരിക്കയുടെ കയറ്റുമതി നയത്തോട് സാമ്യമുള്ള നിയമമാണിതെന്ന് വ്യാപാര രംഗത്തെ വിദഗ്ധര്‍ അനുമാനിക്കുന്നു. ഇതു പ്രകാരം സാങ്കേതിക ഉപകരണങ്ങള്‍, സൈനിക ഉപകരണങ്ങള്‍ എന്നിവയുടെ കാര്യത്തിലാണ് നിയന്ത്രണം ആദ്യം നടപ്പാക്കുന്നത്. ചൈനയുടെ 5ജി സാങ്കേതിക വിദ്യ ലോകമെമ്പാടും നടപ്പാക്കാനിറങ്ങിയ വാവേയ്ക്ക് ആദ്യം അമേരിക്കയും തുടര്‍ന്ന് ഒട്ടുമിക്ക യൂറോപ്പ്യന്‍ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയത് ചൈനയ്ക്ക് വലിയ ആഘാതമായിരിക്കുകയാണ്.