ഇന്ന് ലോക എയ്ഡ്‌സ് ദിനം


ഇന്ന് ലോക എയ്ഡ്‌സ് ദിനം. ഉത്തരവാദിത്വം പങ്കുവയ്ക്കാം..ഐക്യദാർഢ്യം പ്രഖ്യാപിക്കാം എന്ന സന്ദേശവുമായാണ് ലോകം ഇന്ന് എയ്ഡ്‌സ് ദിനം ആചരിക്കുന്നത്. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ ഇരുപത് വര്‍ഷം കൊണ്ട് നേടിയെടുത്ത പുരോഗതി നിലനിര്‍ത്താനുള്ള തീവ്ര യത്‌നത്തിലാണ് യുഎന്‍ അടക്കമുള്ള സംഘടനകള്‍. 

വൈദ്യ ശാസ്ത്രം അക്വയേഡ് ഇമ്യൂണോ ഡെഫിഷൻസി സിന്‌ഡ്രോം അഥവാ എയ്ഡ്സ് എന്ന് പേരിട്ടു വിളിക്കുന്ന ഈ രോഗത്തിന് കാരണക്കാർ ഹ്യൂമൺ ഇമ്യൂണോ വൈറസുകളാണ്. ആഫ്രിക്കൻ കാടുകളിലെ ചിമ്പാൻസികളിലാണ് ഈ വൈറസുകളെ ആദ്യം കണ്ടെത്തിയത്. പക്ഷെ ചിമ്പാൻസികളിൽ നിന്ന് എങ്ങനെയാണ് ഈ വൈറസ് മനുഷ്യരിലേക്കെത്തിയത് എന്നോ ഈ രോഗത്തിനുള്ള പ്രതിവിധി എന്ത് എന്നോ വർഷങ്ങൾ കഴിഞ്ഞിട്ടും ശാസ്ത്ര ലോകത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

ലോകത്തുണ്ടായതിൽ വെച്ച് ഏറ്റവും മാരകമായ ഈ രോഗം റിട്രോവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ലെന്റിവൈറസ് ജീനാണ് എച്ച്‌ഐവിയുടേത്. എച്ച്‌ഐവി 1, എച്ച്‌ഐവി 2 എന്നിങ്ങനെ രണ്ട് സ്പീഷിസുകളാണ് മനുഷ്യനെ ആക്രമിക്കുന്നത്. ഇതിൽ എച്ച്‌ഐവി 1 ആണ് ഏറ്റവും കൂടുതൽ ആക്രമകാരിയായി കാണപ്പെടുന്നത്.

ലോകാരോഗ്യ സംഘടനയിലെ ഗ്ലോബൽ പ്രോഗ്രാം ഓൺ എയ്ഡ്‌സിന്റെ രണ്ട് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർമാരായ ജെയിംസ് ഡബ്ല്യൂ ബെന്നും, തോമസ് നെട്ടരും ചേർന്ന് 1987ലാണ് എയിഡ്‌സ് ദിനാചരണം എന്ന ആശയം മുന്നോട്ട് വച്ചത്. ഐക്യരാഷ്ട്ര സഭയിലെ എയിഡ്‌സ് വിഭാഗം മേധാവിയായിരുന്ന ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയായിരുന്നു. തുടർന്ന് 1988 ഡിസംബർ 1ന് ആദ്യത്തെ ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുകയും ചെയ്തു.
2019 അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ലോകത്താകമാനം 3,80,00000 പേര്‍ എച്ച് ഐ വി ബാധിതരാണ്. ഇതില്‍ 3,60,00000 പേര്‍ പ്രായപൂര്‍ത്തിയായവരാണ്. 18 ലക്ഷം പേര്‍ പതിനാല് വയസ് വരെയുള്ള കുട്ടികളാണ്.

2019ല്‍ മാത്രം 17 ലക്ഷം പേരാണ് രോഗബാധിതരായത്. 6,90,000 പേരാണ് 2019ല്‍ എച്ച്‌ഐവി ബാധിച്ച് മരിച്ചത്. 2010ന് ശേഷം ഓരോ വര്‍ഷവും പുതുതായി എച്ച്‌ഐവി ബാധിക്കുന്നവരില്‍ നിന്ന് 23 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയതെന്ന ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് ഏറെ ആശ്വാസം പകരുന്നതാണ്.

1981 മുതല്‍ 2017 വരെയുള്ള കണക്കെടുത്താല്‍ എച്ച്‌ഐവി അണുബാധയും എയ്ഡ്‌സ് മൂലമുള്ള മരണവും ഇന്ത്യയില്‍ കുറഞ്ഞു. 2017ല്‍ 87,590 പേര്‍ക്ക് പുതിയതായി എച്ച്‌ഐവി അണുബാധ ഉണ്ടായതായും 69,110 പേര്‍ എയ്ഡ്‌സുമായി ബന്ധപ്പെട്ട് മരണമടഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. കേരളത്തിലും പുതിയ എയ്ഡ്‌സ് ബാധിതരുടെ എണ്ണം കുറയുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ് 19 മൂലം പ്രതിസന്ധി നേരിട്ട എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വീണ്ടും ശരിയായ പാതയില്‍ കൊണ്ടുവരിക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് യുഎന്‍ എയ്ഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബ്യാന്‍യിമ പറയുന്നു. ആഗോള പ്രതിസന്ധികള്‍ക്ക് ആഗോള ഒത്തൊരുമയാണ് ആവശ്യമെന്നും ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിനാചരണ സന്ദേശത്തില്‍ വിന്നി പറഞ്ഞു.

 

You might also like

Most Viewed