അതിർത്തിയിൽ ഇന്ത്യയുമായി കൂടുതൽ സംഘർഷത്തിന് താൽപ്പര്യമില്ലെന്ന് ചൈന
ബെയ്ജിംഗ്: അതിർത്തിയിൽ ഇന്ത്യയുമായി കൂടുതൽ സംഘർഷത്തിന് താൽപര്യപ്പെടുന്നില്ലെന്ന് ചൈന. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യവക്താവ് ഷാഹോ ലിജിയാൻ പറഞ്ഞു. ഇന്ത്യൻ സൈന്യം അതിർത്തി കടന്ന് ചൈനയെ ആക്രമിക്കുകയായിരുന്നെന്ന് ഷാഹോ ലിജിയാൻ ആരോപിച്ചു. ഇരു സൈനികർ തമ്മിൽ ശാരീരികമായി ഏറ്റുമുട്ടി. ഇത് മരണത്തിനും പരിക്കുകൾക്കും കാരണമായി. മുൻ നിരയിലുള്ള സൈനികരെ കർശനമായി നിയന്ത്രിക്കണമെന്ന് ചൈന ഇന്ത്യയോട് ആവശ്യപ്പെടുകയാണ്.
നിയമവിരുദ്ധമായി അതിർത്തി കടക്കരുത്, പ്രകോപനപരമായ ആംഗ്യങ്ങൾ കാണിക്കരുത്. അതിർത്തിയിലെ സ്ഥിതി സങ്കീർണമാക്കുന്ന ഏകപക്ഷീയമായ നടപടികളൊന്നും സ്വീകരിക്കരുതെന്നും ചൈന ഇന്ത്യയോട് അഭ്യർഥിക്കുകയാണെന്ന് ഷാഹോ ലിജിയാൻ കൂട്ടിച്ചേർത്തു. ഇരുപക്ഷവും സംഭാഷണത്തിലൂടെയും ചർച്ചകളിലൂടെയും പ്രശ്നപരിഹാരത്തിന് ശ്രമം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

